അര്‍ബൻ മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എന്തിനെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Nov 9, 2018, 6:16 PM IST
Highlights

'അര്‍ബൻ മാവോയിസ്റ്റുകള്‍ കഴിയുന്നത് മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത വീടുകളിലാണ്. വിദേശത്ത് പഠിക്കുന്നു, വില കൂടിയ കാറുകളില്‍ സഞ്ചരിക്കുന്നു. എന്നിട്ട് ഇവിടെ വന്ന് ഇവിടത്തെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നു'

റായ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി അര്‍ബൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിതപ്രദേശമായ ജഗദല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം. 

'അര്‍ബൻ മാവോയിസ്റ്റുകള്‍ കഴിയുന്നത് മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത വീടുകളിലാണ്. വിദേശത്ത് പഠിക്കുന്നു, വില കൂടിയ കാറുകളില്‍ സഞ്ചരിക്കുന്നു. എന്നിട്ട് ഇവിടെ വന്ന് ഇവിടത്തെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്തിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ അര്‍ബൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നത്'- മോദി പറഞ്ഞു. 

ഈ മാസം 12, 20 തീയ്യതികളിലായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഛത്തീസ്ഗഢിലെത്തിയിരുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുതലാളിമാരെ പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് ബിജെപി സര്‍ക്കാരെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാന രാഷ്ട്രീയാരോപണം.

ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. മാവോയിസ്റ്റ് ബാധിതപ്രദേശങ്ങളായതിനാല്‍ തന്നെ ഇതേ വിഷയത്തിലൂന്നിയാണ് മോദി കോണ്‍ഗ്രസിനെതിരായ ആക്രമണം നടത്തിയത്. 

click me!