
ദില്ലി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ ഷെയ്ഖ് ഹസീനയെ അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന്‍റെ വികസന കുതിപ്പിനുള്ള എല്ലാം പിന്തുണയും നല്‍കുമെന്നും മോദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിക്കാന്‍ വിളിച്ച മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇഹ്സാനുല്‍ കരീമിനോടാണ് സംസാരിച്ചത്.
ഹസീനയുടെ കരുത്തുറ്റ നേതൃത്വവും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നടപടികളുമാണ് വിജയത്തിന് കാരണമായതെന്ന് മോദി പറഞ്ഞു. തുടര്‍ന്നുള്ള ബംഗ്ലാദേശിന്‍റെ വികസത്തിന് ഇന്ത്യയുടെ സഹായങ്ങള്‍ എല്ലാമുണ്ടാകുമെന്നും മോദി അറിയിച്ചു. 300 സീറ്റിലേക്ക് നടന്ന ബംഗ്ലാദേശിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് 288 സീറ്റുകള്‍ നേടിയാണ് അധികാരം ഉറപ്പിച്ചത്.
പ്രതിപക്ഷത്തിന് ഏഴ് സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. എന്നാല്‍, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി ആരോപിച്ചു.
ഇത് നാലാം തവണയാണ് ഷെയ്ക്ക് ഹസീന പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഷ്‌റഫി മൊര്‍ത്താസയും ജയിച്ചവരിൽ ഉൾപ്പെടുന്നു. ഗോപാൽ ഗഞ്ജ് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam