
സന്നിധാനം: പൊതുപണിമുടക്ക് ശബരിമല തീർത്ഥാടനത്തേയും ബാധിച്ചു. കെഎസ്ആര്‍ടിസി സർവീസ് നടത്തിയെങ്കിലും സന്നിധാനത്ത് ദർശനത്തിന് കുറച്ചുപേർ മാത്രമാണ് എത്തുന്നത്.
ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം പേരാണ് ദർശനം നടത്തിയത്. ഞായാറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തിലേറെ ഭക്തരെത്തിയ സന്നിധാനത്ത് ഇന്ന് തിരക്ക് വളരെ കുറവാണ്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും ഭക്തരുടെ വരിയില്ല. പടി കയറിയെത്തുന്ന തീർത്ഥാടകരെ ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ദർശനത്തിന് കടത്തിവിട്ടു പലപ്പോഴും. മണിക്കൂറുകളുടെ കാത്തുനിൽപ് ഒഴിവായത് തീർത്ഥാടകർക്കും ആശ്വാസമായി.
പമ്പാ സർവീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോൺവോയ് അടിസ്ഥാനത്തിലല്ലായിരുന്നു സർവീസുകൾ. പമ്പയിൽ നിന്ന് അന്തർ സംസ്ഥാന സർവീസുകളും ഇന്ന് ഓടിച്ചു. എവിടേയും തടയുന്നില്ലെങ്കിലും നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ കുറവാണ്. ഇതിനിടെ മകരവിളക്കിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മകരജ്യോതി ദർശനം അനുവദിച്ചിരുന്ന പമ്പാ ഹിൽടോപ്പിൽ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാപരിശോധന നടത്തി. പൊലീസ്, ജിയോളജി, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാറിനെതിരെ തമിഴ്നാട്ടിൽ നിന്നുള്ള.അഖിലേന്ത്യ ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധിക്കാനെത്തുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലയ്ക്കലിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam