
ദില്ലി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്കിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നവീൻ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുൽ പറഞ്ഞു. ദേശീയതലത്തിൽ മോദിക്കെതിരെയും ഒഡീഷയിൽ മോദി പതിപ്പിനെതിരേയും കോൺഗ്രസ് പോരാടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഒഡീഷയിൽ ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ പട്നായിക്കിനോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ, അദ്ദേഹമൊരു ഏകാധിപതിയാണ്, അദ്ദേഹത്തിന് കേന്ദ്രീകൃതമായ അധികാരമുണ്ട്. പക്ഷേ നവീൻ പട്നായിക്ക് ഇതുവരെ പ്രധാനമന്ത്രിയെപോലെ ആയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. അഴിമതി കേസുകളിൽ നവീൻ പട്നായിക്കിന് മുകളിൽ ഒരു സ്വാധീനം ചെലുത്താൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇരു നേതാക്കളും തമ്മിൽ രഹസ്യ ധാരണയുണ്ട്. മോദിയെ എല്ലാക്കാലത്തും നവീൻ പിന്തുണയ്ക്കും. അതിപ്പോൾ ജിഎസ്ടി ആയാലും നോട്ട് നിരോധനം ആയാലും. ഒഡീഷയെ ഏകാധിപത്യ ഭരണത്തിൽനിന്ന് കരകയറ്റി ജനങ്ങൾക്ക് കൈമാറണം. അതാണ് ഒഡീഷയിൽ കോൺഗ്രസ് നടപ്പിലാക്കാൻ പോകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബിജെപിയുമായി 11 വര്‍ഷം ഒരുമിച്ച് ചേര്‍ന്ന് നവീന്‍ പട്‌നായിക്ക് ഭരിച്ചിട്ടുണ്ട്. 1998 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇത്. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ബന്ധത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പിന്നീട് നേടാനും പട്‌നായിക്കിന് സാധിച്ചു. എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും മോദിയുടെ എല്ലാം പദ്ധതികളെയും നവീൻ പട്നായിക്ക് പിന്തുണയ്ക്കാറുണ്ട്. പാര്‍ലമെന്റില്‍ നിര്‍ണായക വിഷയങ്ങളില്‍ അടക്കം പട്‌നായിക്ക് മോദിയെ പിന്തുണച്ചിരുന്നു. ഇരുവരും തമ്മില്‍ രഹസ്യ ബന്ധം ഉണ്ടെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിക്കാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam