
മുംബൈ:പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പ്രശസ്ത സ്റ്റാൻഡ് അപ് കോമഡി ഷോ ആയ കപിൽ ശർമ ഷോയിൽ നിന്ന് പുറത്താക്കി. സിദ്ദുവിന് പകരം അർച്ചന പുരൺ സിംഗിനെ പകരം ഉൾപ്പെടുത്താനാണ് സോണി എന്‍റർടെയിൻമെന്‍റ് ടെലിവിഷന്‍റെ തീരുമാനം.
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾക്ക് രാജ്യങ്ങൾ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിർത്തികൾ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമർശം. എല്ലാ ദേശങ്ങളിലും നല്ലവരും മോശക്കാരും ചീത്ത മനുഷ്യരുമുണ്ട്. ചീത്ത മനുഷ്യർ ശിക്ഷിക്കപ്പെടണം. അതിന് എല്ലാ പൗരൻമാരെയും കുറ്റപ്പെടുത്തരുതെന്നും സിദ്ദു പറഞ്ഞിരുന്നു.
ഇതിനെത്തുടർന്ന് സമൂഹ്യമാധ്യമങ്ങളിൽ സിദ്ദുവിനെതിരെ വലിയ പ്രചാരണമാണ് നടന്നത്. കപിൽ ശർമ്മ ഷോയിൽ നിന്ന് സിദ്ദുവിനെ പുറത്താക്കണമെന്നും ആവശ്യമുയർന്നു. സിദ്ദുവിന്‍റെ പരാമർശം എല്ലാവർക്കും യോജിക്കാനാവുന്നത് അല്ലെന്നും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ചാനലിനെയും ഷോയെയും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തള്ളിവിടുന്നതുകൊണ്ട് സിദ്ദുവിനെ ഒഴിവാക്കുകയാണ് എന്നാണ് സോണി ടെലിവിഷന്‍റെ വിശദീകരണം.
വിവാദങ്ങളെത്തുടർന്ന് പ്രധാന ടെലിവിഷൻ ഷോകളിൽ നിന്ന് സോണി ടെലിവിഷൻ താരങ്ങളെ പിൻവലിക്കുന്നത് ഇദാഗ്യമല്ല. ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരി മീ ടൂ വെളിപ്പെടുത്തൽ ഉണ്ടായപ്പോഴും സോണി ടിവി അദ്ദേഹത്തെ ഇന്ത്യൻ ഐഡോളിന്‍റെ പത്താം പതിപ്പിലെ വിധികർത്താവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മുമ്പ് അസുഖം കാരണം സിദ്ദു കപിൽ ശർമ്മ ഷോയിൽ നിന്ന് വിട്ടുനിന്നപ്പോഴും ഇപ്പോൾ പകരമായി എത്തിയ അർച്ചന പുരൺ സിംഗ് ആയിരുന്നു പകരക്കാരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam