
റായ്പൂർ: സുരക്ഷാ സേനയും നക്സലുകളും തമ്മിൽ വ്യാപകമായി ഏറ്റുമുട്ടൽ നടക്കുന്ന ചത്തീസ്ഗഢിൽ ഡമ്മികളെ ഉപയോഗിച്ച് പുതിയ തന്ത്രം പയറ്റി നക്സലുകൾ. ചത്തീസ്ഗഢിലെ സുക്മ ജില്ലയിൽനിന്നും ഡമ്മികളും വ്യാജ തോക്കുകളും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) കണ്ടെത്തി. സുരക്ഷാ സേനയെ തെറ്റ് ധരിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ഡമ്മികളും തോക്കുകളും ജില്ലയിലെ വന മേഖലയിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് സിആർപിഎഫ് വ്യക്തമാക്കി.
മേഖലയിൽനിന്നും മൂന്ന് ഡമ്മികളും മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമാണ് കണ്ടെത്തിയത്. ചിന്താഗുഹയിൽ നടത്തിയ പരിശോധനയിലാണ് ഡമ്മികൾ കണ്ടെടുത്തത്. ഡമ്മികളിൽ ഒന്നിൽനിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള ഉപകരണവും കണ്ടെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ആളുകൾ ധരിക്കുന്ന വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഡമ്മികളെ ഒരുക്കി നിർത്തിയത്. മരങ്ങൾക്ക് പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡമ്മികൾ.
ആദ്യ കാഴ്ചയിൽ നക്സലുകളാണെന്നാണ് കരുതിയത്. പിന്നീട് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ഡമ്മികൾ സുരക്ഷിതമായി മാറ്റുകയും ചെയ്തു. ഇത് നക്സലുകളുടെ പുതിയ തന്ത്രമാണ്. സേനയെ ആശയക്കുഴപ്പത്തിലാക്കുന്നതിനും പേടി പരത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഡമ്മികൾ സ്ഥാപിച്ചതെന്ന് സിആർപിഎഫ് കമാൻഡന്റ് ഡി സിങ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam