
ദില്ലി: ദളിത് വിഷയങ്ങളെ ചൊല്ലി എൻഡിഎയിലും ബിജെപിയിലും ഭിന്നത ശക്തമാകുന്നു. ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിൽ ഇളവു വരുത്തിയ ജസ്റ്റിസ് എ.കെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷനാക്കിയതിനെതിരെ ഘടകകക്ഷി നേതാക്കളായ കേന്ദ്രമന്ത്രിമാര്‍ പരസ്യ പ്രതിഷേധത്തിലാണ്. എതിര്‍ ചേരിയിലെ ഭിന്നത മുതലാക്കാൻ കോണ്‍ഗ്രസും നീക്കം തുടങ്ങി.
ജസ്റ്റിസ് എ.കെ ഗോയലിന്‍റെ നിയമനത്തെ ചൊല്ലി ദേശീയ ജനാധിപത്യ സഖ്യത്തിലെ ഭിന്നത ബിഹാറിലാണ് ചലനങ്ങളുണ്ടാക്കുന്നത്. ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനാണ് ആദ്യം പരസ്യമായി പ്രതിഷേധിച്ചത്. ദളിത് അതിക്രമം തടയൽ നിയമം പഴയ പടിയാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തെഴുതി.
മകൻ ചിരാഗ് പാസ്വാൻ ഗോയലിനെ മാറ്റണമെന്ന് പ്രധാമന്ത്രിയോടും ആവശ്യപ്പെട്ടു. ബിഹാറിലെ മറ്റൊരു സഖ്യ കക്ഷിയായ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശാവയും ഇടയുകയാണ്. മഹാ സഖ്യത്തിലേയ്ക്ക് ഒരു കാരണവശാലും ഇല്ലെന്ന് നേരത്തെ പറഞ്ഞ കുശാവയുടെ പരസ്യപ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം ദാസ് അതാവലയും പ്രതിഷേധത്തിലാണ്. ബി.ജെ.പി എം.പി ഉദിത് രാജിന്‍റെ പ്രതിഷേധം പാര്‍ട്ടിക്കുള്ളിലെ ദളിത് നേതാക്കളുടെ അമര്‍ഷമാണ് വ്യക്തമാക്കുന്നത്. ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലപാട് എടുക്കാൻ പാര്‍ട്ടി എസ്.സി സെൽ അധ്യക്ഷൻ രാഹുൽ ഗാന്ധി നിര്‍ദേശം നല്‍കി. ദളിത് വിഷയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടകളിലൊന്നാകുമെന്ന് ഉറപ്പിക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് സജീവമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam