
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്.
പിരപ്പൻകോട് എന്ന സ്ഥലത്തെ കല്യാണത്തിന്‍റെ കാറ്ററിംഗ് ജോലിക്ക് പോയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ്. പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. റബര്‍ മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
അക്ഷയിന്‍റെ ബന്ധുവും നാട്ടുകാരും പറയുന്നത് വളരെ കാലപ്പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണത് എന്നാണ്. ദ്രവിച്ച നിലയിലായിരുന്നു പോസ്റ്റ് നിന്നിരുന്നത്. മരവും പോസ്റ്റും റോഡിലേക്ക് വീണുകിടന്നത് അക്ഷയിന്‍റെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപെട്ടില്ല. കാൽ ലൈനിൽ തട്ടിയതിനെ തുടര്‍ന്ന് അക്ഷയ് തത്ക്ഷണം മരിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ്, അമൽനാഥ് എന്നീ സുഹൃത്താണ് കൂടെയുണ്ടായിരുന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam