
കൊച്ചി: കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ ക്രിസ്റ്റഫറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
ഇരുവരെയും ആക്രമിച്ചശേഷം ഇവരുടെ അയല്‍വാസിയായ വില്യം തൂങ്ങി മരിച്ചിരുന്നു. വില്യമിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. കൊച്ചി വടുതലയില്‍ ദമ്പതികളെ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്നാണ് പൊലീസ് പറയുന്നത്.
ഒറ്റക്ക് താമസിക്കുന്ന അയല്‍വാസി വില്യമിനെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകൂടി സ്ഥാപിച്ചതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം. തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ വില്യമിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. വടുതല ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗോള്‍ഡന്‍ സ്ട്രീറ്റ് റോഡിലെ ഇടവഴിയില്‍ ഒരു മതിലിനപ്പുറം താമസിക്കുന്ന വില്യമും ക്രിസ്റ്റഫറും നേര്‍ക്കുനേര്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എല്ലാത്തിനും തുടക്കമിട്ടത് നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള വില്യമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വില്യം ക്രിസ്റ്റഫറിന്‍റെ വീട്ടില്‍ മാലിന്യമെറിഞ്ഞതായിരുന്നു ആദ്യ പ്രകോപനം. ചോദ്യം ചെയ്ത ക്രിസ്റ്റഫറിനെ വില്യം ഭീഷണിപ്പെടുത്തി.
മറ്റൊരു ദിവസം വില്യം ക്രിസ്റ്റഫറിന്‍റെ വീട്ടിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞു. ഇതിനെതിരെ ക്രിസ്റ്റഫര്‍ പൊലീസിന് പരാതി നല്‍കി. വില്യമിനെ പൊലീസ് വിളിപ്പിച്ചതോടെ ഇരുവര്‍ക്കുമിടയിലെ ശത്രുത ഇരട്ടിയായി. ഇടക്ക് തന്‍റെ പണം ക്രിസ്റ്റഫര്‍ മോഷ്ടിച്ചെന്ന് വില്യം നാട്ടുകാരോട് പരാതി പറഞ്ഞു. ചെറുതും വലുമായ പ്രശ്നങ്ങള്‍ തുടര്‍ച്ചയായതോടെ വില്യമിനെ നിരീക്ഷിക്കാന്‍ ക്രിസ്റ്റഫര്‍ വീടിന് മുന്നില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതോടെ പക മൂര്‍ച്ഛിച്ച് പ്രതികാരമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam