ശബരിമല യുവതി പ്രവേശനം: സൗകര്യമൊരുക്കാൻ ഒരു വർഷം വേണമെന്ന് നിരീക്ഷക സമിതി

By Web TeamFirst Published Jan 24, 2019, 9:25 PM IST
Highlights

യുവതികൾ മല കയറാൻ എത്തുമ്പോൾ പമ്പ മുതൽ സന്നിധാനം വരെയുള്ള പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ശൗചാലയങ്ങളും പൊലീസ് സുരക്ഷയും ഒരുക്കണം. പ്രളയത്തിൽ തകർന്ന പമ്പയിലും സ്ഥിതി മോശമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എത്ര വനിത ഭക്തർ എത്തുമെന്ന് വ്യക്തമല്ല. 

കൊച്ചി:  ശബരിമലയിൽ യുവതി പ്രവേശനത്തിന് സൗകര്യമൊരുക്കാൻ ഒരു വർഷമെങ്കിലും വേണ്ടി വരുമെന്ന് നിരീക്ഷക സമിതി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. കന ദുർഗയും ബിന്ദുവും സന്നിധാനത്തെത്തിയത് സർക്കാർ അറിവോടെയാണെന്ന പോലീസ് റിപ്പോർ‍ട്ടും കോടതിയിൽ സമർപ്പിച്ചു.

മണ്ഡല മകര വിളക്ക് സീസണു ശേഷം നിരീക്ഷക സമിതി ഹൈക്കോതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് യുവതി പ്രവേശനം നിലവിലുള്ള സാഹചര്യത്തിൽ പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. യുവതികൾ മല കയറാൻ എത്തുമ്പോൾ പമ്പ മുതൽ സന്നിധാനം വരെയുള്ള പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ശൗചാലയങ്ങളും പൊലീസ് സുരക്ഷയും ഒരുക്കണം. പ്രളയത്തിൽ തകർന്ന പമ്പയിലും സ്ഥിതി മോശമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എത്ര വനിത ഭക്തർ എത്തുമെന്ന് വ്യക്തമല്ല. അതിൻറെയെല്ലാം അടിസ്ഥാനത്തിൽ വേണം സൗകര്യങ്ങൾ ഒരുക്കാൻ.

 ചുരുങ്ങിയത് ഒരു വർഷമെങ്കിലുങ്കിലും ഇതിന് വേണ്ടി വരുമെന്ന് റിപ്പോർട്ടിലുണ്ട്. യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ ദേവസ്വം ബോർഡിൻറെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. ഇതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തടസ്സമാകും. ഇതിനിടെ കനക ദുർഗ്ഗ, ബിന്ദു എന്നിവരുടെ ശബരിമല ദർശനത്തിന് നാല് പോലീസുകാരുടെ സുരക്ഷ ൻൽകിയെന്ന പോലീസ് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. യുവതികൾ ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസുകാർ അനുഗമിച്ചതെന്നാണ് പത്തനംതിട്ട എസ്.പി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിലുളളത്. 

സിവിൽ വേഷത്തിൽ യുവതികളെ അനുഗമിച്ചത് പ്രതിഷേധക്കാരുടെ കണ്ണിൽപ്പെടാതിരിക്കാനാണ്. വിഐപി ഗേറ്റ് വഴി കൊണ്ടുപോയത് സുരക്ഷ മുൻനിർത്തിയാണെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ നിരീക്ഷക സമിതി വിഐപി ഗേറ്റിലൂടെ യുവതികളെ കടത്തിവിട്ടതിനെ വിമർശിച്ചിരുന്നു. സന്നിധാനത്ത് ഉണ്ടായിരുന്ന നിരീക്ഷക സമിതിയെ കാണാൻ പത്തനംതിട്ട എസ്പി എത്താത്തതും നിരീക്ഷക സമിതി ഹൈക്കോടതിയെ അറയിച്ചിരുന്നു, എന്നാൽ ബോധപൂവ്വമല്ല ഈ നടപടിയെന്നും തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കേണ്ടതിനാലാണ് എത്താൻ കഴിയാതിരുന്നതെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. ശബരിമല കേസുകൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.

click me!