
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി പാര്‍ട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എഎപി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമം ആവശ്യത്തെ പരസ്യമായി എതിര്‍ത്ത അൽകാ ലാംബയോട് നിയമസഭാ അംഗത്വം രാജിവയ്ക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അൽക്ക ലാംബയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതേസമയം താന്‍ രാജി വയ്ക്കില്ലെന്ന് അല്‍ക്ക ലാംബ വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചു വാങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന എ എ പി വിശദീകരണത്തിന് പിന്നാലെയാണ് പ്രതികരണം.
സിഖ് വിരുദ്ധ കലാപത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിലാണ് രാജീവ് ഗാന്ധിയുടെ ഭാരത് രത്ന തിരികെ വാങ്ങണമെന്ന നിര്‍ദേശം ഉള്‍പ്പെട്ടത്. ഈ നിര്‍ദേശത്തോടെയുള്ള പ്രമേയം പാസാക്കിയെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ബി ജെ പിയും എ എ പിയും ഒരു പോലയെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരികെ വാങ്ങണമെന്നാവശ്യം യഥാര്‍ഥ പ്രമേയത്തിൽ ഇല്ലെന്നും എ എ പി വിശദീകരിച്ചിരുന്നു. ഭാരത രത്ന തിരികെ വാങ്ങണമെന്ന പ്രമേയം പാസായിട്ടില്ലെന്ന് സ്പീക്കറും വിശദീകരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam