ഭാരവാഹികളില്‍ മാറ്റം; കെപിസിസിയിൽ സമഗ്ര അഴിച്ചുപണി

By Web TeamFirst Published Sep 23, 2018, 7:23 AM IST
Highlights

പുതിയ നേതൃത്വം ചുമതലയേൽക്കുന്നതിന് പിന്നാലെ കെപിസിസിയിൽ സമഗ്ര അഴിച്ചുപണിക്ക് നീക്കം. ഭാരവാഹികളിൽ ഭൂരിഭാഗത്തെയും മാറ്റാനാണ് ആലോചന. വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയോഗിച്ച സാഹചര്യത്തിൽ വൈസ് പ്രസിഡന്‍റുമാര്‍ വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ അഭിപ്രായം.

ദില്ലി: പുതിയ നേതൃത്വം ചുമതലയേൽക്കുന്നതിന് പിന്നാലെ കെപിസിസിയിൽ സമഗ്ര അഴിച്ചുപണിക്ക് നീക്കം. ഭാരവാഹികളിൽ ഭൂരിഭാഗത്തെയും മാറ്റാനാണ് ആലോചന. വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയോഗിച്ച സാഹചര്യത്തിൽ വൈസ് പ്രസിഡന്‍റുമാര്‍ വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ അഭിപ്രായം.

കെ.പി.സി.സി നേതൃത്വത്തിൽ പുതിയ ടീം വന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കെപിസിസി ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും മാറട്ടെ. പകരം പുതിയ സംഘം വരട്ടെ.ഇതാണ് പുതുതായി നേതൃത്വത്തിലുള്ളവരുടെ അഭിപ്രായം. കെ.പി.സി.സി പ്രസിഡന്‍റും വര്‍ക്കിങ് പ്രസിഡന്‍റുമാരും ചുമതലയേറ്റാലുടൻ ഭാരവാഹി പട്ടികയെക്കുറിച്ച് ചര്‍ച്ച തുടങ്ങും. രണ്ടാഴ്ചയ്ക്കകം പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സെക്രട്ടറിമാരെ ജനറൽ സെക്രട്ടറിമാരാക്കാം. ബാക്കി പുതുമുഖങ്ങള്‍ വരണമെന്നാണ് നിര്‍ദേശം. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.

പാര്‍ട്ടിയുടെ ചിലവിൽ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നവരെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിവ് മാത്രം നോക്കി സ്ഥാനങ്ങള്‍ നല്‍കിയാൽ മതിയെന്നും. ഇപ്പോഴത്തെ ഭാരാവാഹികളെ മാറ്റാനും വൈസ് പ്രസിഡന്‍റുമാര്‍ വേണ്ടെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശത്തോട് ഗ്രൂപ്പുകള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണായകം. 


 

click me!