പുരുഷൻമാർ ജീൻസ് ധരിക്കാൻ പാടില്ല, സ്ത്രീകൾ സാ​രി മാത്രമേ ധരിക്കാവൂ; ശ്രീ ദുർ​​ഗമല്ലേശ്വര ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ്

By Web TeamFirst Published Dec 31, 2018, 7:26 PM IST
Highlights

പുരുഷൻമാർ ഇനി മുതൽ ജീൻസ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല. അതുപോലെ സ്ത്രീകൾ ഇനി മുതൽ സാരി ധരിച്ചു വേണം ക്ഷേത്രത്തിലെത്താൻ. 

ആന്ധ്രാപ്രദേശ്: ക്ഷേത്ര ദർശനത്തിന് പുതിയ ​ഡ്രസ് കോ‍ഡ് നിർദ്ദേശിച്ച് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലെ ശ്രീ ദുർ​​ഗമല്ലേശ്വര ക്ഷേത്രം. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ ഡ്രസ് കോ‍ഡ് കർശനമായി പാലിക്കണമെന്ന് ക്ഷേത്രം അധികാരികൾ നിർദ്ദേശിക്കുന്നു. ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ കോട്ടേശ്വരമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു. 

കനക ദുർ​ഗ അമ്മാവരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സ്ത്രീകൾ സ്കർട്ട് പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് ഇവിടെ പ്രവേശിക്കാൻ പാടില്ല. ഹൈന്ദവ സംസ്കാരവും ക്ഷേത്രത്തിന്റെ അന്തരീക്ഷവും സംരക്ഷിക്കുക എന്നതാണ് പുതിയ ഡ്രസ് കോഡിന്റെ ലക്ഷ്യം. പുതുവർഷത്തിന്റെ ആദ്യ ദിവസം തന്നെ പുതിയ ഡ്രസ് കോഡ് പ്രാബല്യത്തിൽ വരും. ജനുവരി ഒന്ന് മുതൽ ശ്രീ ദുർ​ഗ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കാറുണ്ട്.

നൂറ് രൂപ നിരക്കിൽ ഇവിടെയെത്തുന്ന സ്ത്രീകൾക്ക് സാരി വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഭക്തർക്ക് വസ്ത്രം മാറാനുള്ള മുറികളും ഇവിടെ ഒരുക്കും. ജീൻസും സ്കർട്ടും പോലെയുള്ളവ വിദേശ വസ്ത്രങ്ങളാണെന്നും ക്ഷേത്രത്തിന്റെ പുതിയ ഡ്രസ് കോഡിൽ ഭക്തർ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് പുതിയ ഡ്രസ് കോഡിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് യുക്തിവാദികൾ രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 

click me!