വിവാഹചിത്രം ഉപയോഗിച്ച് സൈബർ ഗുണ്ടകൾ അപമാനിച്ച ദമ്പതികൾ ആശുപത്രിയിൽ

By Web TeamFirst Published Feb 8, 2019, 9:44 PM IST
Highlights

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബർ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മർദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറുപുഴ: വധുവിന് പ്രായക്കൂടുതൽ ആണെന്ന് പറഞ്ഞ് ഹീനമായ ഭാഷയിൽ സൈബർ ഗുണ്ടകൾ ആക്രമിച്ച നവദമ്പതികളെ മാനസിക സമ്മർദ്ദം താങ്ങാനാവാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്‍റേയും ജൂബി ജോസഫിന്‍റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളിൽ സൈബർ അക്രമികൾ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബർ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മർദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്‍റെ അച്ഛൻ ബാബു ന്യൂസ് അവറിൽ പറഞ്ഞു. കുടുംബത്തിലെല്ലാവരും മാനസികമായി തകർന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാബു പറഞ്ഞു.

പഠനകാലം മുതൽ പ്രണയത്തിലായിരുന്ന അനൂപും ജൂബിയും തങ്ങൾ നേരിട്ട സൈബർ  ഗുണ്ടായിസത്തിനെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോൾ ആശുപത്രിയിലാണെങ്കിലും സമൂഹമാധ്യമങ്ങളിൽ വേട്ടയാടിയ ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും എന്ന നിശ്ചയദാർഢ്യത്തിലാണ് അനൂപും ജൂബിയും.

click me!