മരണത്തിനും അവരെ വേര്‍പിരിക്കാനായില്ല; കണ്ണീരിൽ കുതിർന്ന് ഗുജറാത്തിലെ ഒരു ഗ്രാമം

By Web TeamFirst Published Jan 17, 2019, 5:18 PM IST
Highlights

മിനി ബസ്  ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ്  ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരും ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

രാജ്കോട്ട്: ഒൻപത് യുവാക്കളുടെ മരണത്തിന്റെ നടുക്കം മാറാതെ ഗുജറാത്തിലെ മോട്ട ഗോണ്ടാല ഗ്രാമം. ഗുജറാത്തിലെ കച്ചിലാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. ഞായറാഴ്ച കച്ചിലെ ഖാവ്ഡയ്ക്ക് സമീപമുള്ള ധോര്‍തോയില്‍ ഉത്തരായന്‍ ആഘോഷിച്ച് മടങ്ങവെ ഒമ്പതംഗം സഞ്ചരിച്ചിരുന്ന വാനിൽ മിനി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.  അഞ്ച് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവരെ ഭൂജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ഹർദിക് ബാംബോരോലിയ (22), ഗൗരവ് കോത്തറിയ (22), പ്രശാന്ത് കച്ചാട്യ (20), രാജ് വല്ലഭ് സെജാലിയ (20), ജയ്ദീപ് (21), രവി മൻസുഖഭായ് (21), മിലൻ കോറഡിയ (22)വിപുൽ കോഹർ(21) വിജയ് ദോബാരിയ(22)  എന്നിവരാണ് മരിച്ചത്. ഉത്തരായന്‍ ആഘോഷിച്ച് മടങ്ങിവരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാനിനെ മിനി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് ഒൻപത് പേരും ചേർന്നെടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 

ജെയ്ദീപിന്റെ വിവാഹം  ജനുവരി 22ന്  നടക്കാനിരിക്കെയാണ് അപകടം. ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകളും ഒരുമിച്ച് തന്നെയാണ് നടത്തിയത്. അതേ സമയം മിനി ബസ്  ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ്  ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരും ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

click me!