വിമാനത്താവളങ്ങളെല്ലാം സൈന്യത്തിന് തുറന്നു കൊടുക്കണം; പത്തനംതിട്ടയില്‍ യുദ്ധസമാനമായ രക്ഷാ പ്രവര്‍ത്തനം; പ്രതിരോധമന്ത്രി

By Web TeamFirst Published Aug 16, 2018, 1:00 AM IST
Highlights

തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രി അറിയിച്ചു

നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തുറന്നു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ജില്ലയില്‍ എത്തിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍ഡിആര്‍എഫിന്റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്‌സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടന്‍ എത്തുന്നത്.

ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. 

click me!