'ഇനി ചർച്ചയില്ല, നടപടി മാത്രം', പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി

Published : Feb 18, 2019, 04:11 PM ISTUpdated : Feb 18, 2019, 04:28 PM IST
'ഇനി ചർച്ചയില്ല, നടപടി മാത്രം', പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി

Synopsis

''പുൽവാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചർച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.'' ദില്ലിയിൽ അർജന്‍റീനൻ പ്രസിഡന്‍റിനൊപ്പം നടത്തിയ സംയുക്തപ്രസ്താവനയിൽ മോദി. 

ദില്ലി: 40 ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ അർജന്‍റീനൻ പ്രസിഡന്‍റിനൊപ്പം നടത്തിയ സംയുക്തപ്രസ്താവനയ്ക്കിടെയാണ് മോദിയുടെ പരാമർശം.

''പുൽവാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചർച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.'' മോദി പറഞ്ഞു.

ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോദി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തിയ അർജന്‍റീനൻ പ്രസിഡന്‍റ് മൗറീസ്യോ മക്റിയുമായി നടത്തിയ നയതന്ത്രകൂടിക്കാഴ്ചകൾക്ക് ശേഷം ഇരു രാഷ്ട്രത്തലവൻമാരും ചേർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവനയുമായി എത്തിയതായിരുന്നു.

പുൽവാമ ഭീകരാക്രമണത്തെച്ചൊല്ലി ''നിങ്ങളുടെ ഉള്ളിലെ തീ, എന്‍റെയുള്ളിലുമുണ്ട്'' എന്നായിരുന്നു ഇന്നലെ പട്‍ന മെട്രോ റെയിൽ ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞത്. ഇന്നലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സിആർപിഎഫ് ജവാൻമാർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. 'സഞ്ജയ് കുമാർ സിൻഹയ്ക്കും രത്തൻ കുമാർ ഠാക്കൂറിനും എന്‍റെ സല്യൂട്ടും ആദരവും.' മോദി പറഞ്ഞു.

നേരത്തേയും, പുൽവാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് 'വന്ദേ ഭാരത് എക്സ്പ്രസിന്‍റെ' ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി
'പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തി', വെളിപ്പെടുത്തി ഉന്നാവോ അതിജീവിതയുടെ അമ്മ