ഡോക്ടറില്ല; ഉത്തർപ്രദേശിലെ ആരോഗ്യകേന്ദ്രത്തിൽ യുവതി കുഞ്ഞിന് തറയില്‍ ജന്മം നല്‍കി

By Web TeamFirst Published Jan 10, 2019, 1:16 PM IST
Highlights

ഇന്ത്യയില്‍ ഒരോ മണിക്കൂറിലും പ്രസവ സംബന്ധമായ പ്രശ്‌നങ്ങളാൽ അഞ്ച് സ്ത്രീകളും വർഷത്തിൽ 45,000 സ്ത്രീകളും മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലക്നൗ: ഉത്തർപ്രദേശിലെ സാമൂഹികാരോ​ഗ്യകേന്ദ്രത്തിൽ നിലത്ത് കുഞ്ഞിന് ജന്മം നൽകി യുവതി. ഗോണ്ട ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ഡോക്ടറുടെ അഭാവത്തിലാണ് യുവതിക്ക് നിലത്ത് പ്രസവിക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രസവത്തിനായി ആരോഗ്യകേന്ദ്രത്തിലെത്തിയ യുവതിക്ക് ഡോക്ടറെ കാണാൻ സാധിച്ചില്ല. തുടർന്ന് പ്രസവവേദന കലശലായതോടെ യുവതിക്ക് നിലത്ത് പ്രസിവിക്കേണ്ടി വന്നു. ബന്ധുക്കളുടെയും മറ്റ് സ്ത്രീകളുടെയും സഹായത്തോടെ നിലത്ത് പുതപ്പ് വിരിച്ചാണ് യുവതി പ്രസവിച്ചത്. പ്രസവം നടക്കുമ്പോൾ യുവതിയെ ശുശ്രൂഷിക്കുന്നതിനായി ജീവനക്കാർ ആരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

അതേ സമയം സംഭവത്തിൽ അപലപിച്ചുകൊണ്ട് ദേവിപഠന്‍ ഡിവിഷന്‍ ആരോഗ്യ ഡയറക്ടര്‍ ഡോക്ടർ രത്തന്‍ കുമാര്‍ രം​ഗത്തെത്തി. യുവതിക്ക് നിലത്ത് പ്രസവിക്കേണ്ടി വന്നത് തീർത്തും ​ഗുരുതരമായ പ്രശ്നമാണെന്നും സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരോ മണിക്കൂറിലും പ്രസവ സംബന്ധമായ പ്രശ്‌നങ്ങളാൽ അഞ്ച് സ്ത്രീകളും വർഷത്തിൽ 45,000 സ്ത്രീകളും മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!