
ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളെ ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം.
ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും എത്തും. മിക്കവാറും അർദ്ധരാത്രിക്ക് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.
ഇരുപത് വയസിന് മേൽ പ്രായമുള്ള ബിരുദധാരികളായ രണ്ട് യുവാക്കളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. അധികം സിസിടിവി ക്യാമറകളോ സെക്യൂരിറ്റി ഗാർഡുമാരോ ഇല്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കും. മറിച്ച് വിൽക്കുമ്പോൾ മൂന്ന് ലക്ഷം രൂപയെങ്കിലും റീസെയിൽ വാല്യു കിട്ടുന്ന ബൈക്കുകൾ മാത്രമായിരുന്നത്രെ എടുത്തിരുന്നത്.
മോഷ്ടിച്ചെടുക്കുന്ന ബൈക്കുകൾ എല്ലാം ഒരുമിച്ച് ഒരു സ്ഥലത്ത് സൂക്ഷിച്ചിരുന്നില്ല. എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെ പാർക്കുകൾക്ക് സമീപത്തോ മറ്റോ വെയ്ക്കും. കുറച്ച് ഉൾപ്രദേശങ്ങളാണ് ഇതിനായി കണ്ടെത്തിയിരുന്നത്. വിൽപനയും അവിടെ വെച്ച് തന്നെ. അധികവും കോളേജ് വിദ്യാർത്ഥികളായിരുന്നു ബൈക്കുകൾ വാങ്ങിയിരുന്നത്. പലർക്കും മോഷ്ടിച്ച ബൈക്കുകളാണെന്ന് അറിയില്ലായിരുന്നു. മോഷ്ടാക്കളിലൊരാളായ അർജുന്റെ (22) സാങ്കേതിക ജ്ഞാനമാണ് മോഷണത്തിന് സഹായകമായത്.
വിലകൂടിയ ബൈക്കുകളിലെ ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങളെയെല്ലാം കബളിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇയാൾ സജ്ജീകരിച്ചിരുന്നു. ബൈക്കുകളിൽ നിന്ന് ജിപിഎസ് മൊഡ്യൂളുകൾ ഇളക്കി മാറ്റുകയും ചെയ്തു. ബൈക്കുകളുടെ വിൽപന സംബന്ധിച്ച സംഭാഷണങ്ങളെല്ലാം എൻക്രിപ്റ്റഡ് ചാറ്റ് പ്ലാറ്റ്ഫോമുകൾ വഴി നടത്തി. ഇതെല്ലാം കാരണം നിരവധി പരാതികളുണ്ടായിട്ടും ഒരു വർഷത്തോളം ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
സംഘത്തിലെ 24കാരനായ മറ്റൊരാളാണ് വിൽപന നടത്തിയത്. സെക്കന്റ് ഹാൻറ് കച്ചവടക്കാരിൽ വണ്ടി എത്താതെ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുകയും പലപ്പോഴും വ്യാജ രേഖകൾ നിർമിച്ച് നൽകുകയും ചെയ്തിരുന്നു ഇയാൾ. നല്ല ഡിസ്കൗണ്ടും കോളേജ് വിദ്യാർത്ഥികൾക്ക് നൽകി. ചിലർക്ക് പാർക്കുകൾക്ക് സമീപം വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവിനും കൊടുത്തിരുന്നു.
അണ്ണാ നഗർ ക്രൈം വിങ് നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര ബൈക്കുകൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇവർ പന്ത്രണ്ടിലധികം ബൈക്കുകൾ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നാണ് കണക്ക്. ഇത് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമിത്തിലാണ് പൊലീസ്. ഈ വാഹനങ്ങൾ ക്രിമിനൽ പ്രവൃത്തികൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.