
ഹൈദരാബാദ്: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ഷോക് ട്രീറ്റ്മെന്‍റ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്ത സമരവുമായി എത്തിയിരിക്കുകയാണ് തെലുങ്കാനയിലെ അമീൻപുർ നഗരസഭയിലെ ജനങ്ങൾ. വോട്ട് ചെയ്യണമെങ്കിൽ മെച്ചപ്പെട്ട റോഡ് വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.
തകർന്ന റോഡുകൾ നന്നാക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നഗരസഭ കാര്യാലയത്തിന് മുന്നിൽവച്ചാണ് ജനങ്ങൾ പ്രകടനം നടത്തുന്നത്. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധവും രാഷ്ട്രീയ ചൂടേറ്റുന്നു.
മുഴുവൻ റോഡുകളും തകർന്നിരിക്കുകയാണ്. ഗർഭിണികൾക്കും രോഗികൾക്കും പ്രായമായവർക്കും ഈ റോഡുകളിൽ കൂടി യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതിനെ തുടർന്നാണ് ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൃത്യമായി നികുതി അടക്കുന്ന ജനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്ത്വമാണെന്നും ഇവര്‍ ഓര്‍മപ്പെടുത്തുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി അമീൻപുരിയിൽ നിന്ന് നഗരസഭ ഓഫീസ് വരെ റാലി സംഘടിപ്പിച്ചു. ഈ വർഷമാണ് ഗ്രാമ പഞ്ചായത്തായിരുന്ന അമീൻപുരി ഗ്രാമപഞ്ചായത്തില്‍ നിന്ന് നഗരസഭയാക്കി ഉയര്‍ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam