അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഏഴ് റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയ്ക്കും

By Web TeamFirst Published Oct 3, 2018, 5:55 PM IST
Highlights

ഇത് ഒരു നിയമപരമായ നടപടിക്രമമാണെന്നും, നിയമവിരുദ്ധമായി അതിർത്തി ലംഘിച്ച് കടക്കുന്ന എല്ലാ വിദേശികളെയും നാടുകടത്തുമെന്നും ആസാം പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചയക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി.

ഗുവാഹട്ടി: അനധികൃതമായി ആസാം അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയ ഏഴ് റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയ്ക്കും. 2012ൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് അനധികൃതമായി കയറാൻ ശ്രമിച്ചതിനെ തുടർന്ന് ജയിലിലടച്ചവരേയാണ് തിരിച്ചയ്ക്കുന്നത്. 

ഇത് ഒരു നിയമപരമായ നടപടിക്രമമാണെന്നും, നിയമവിരുദ്ധമായി അതിർത്തി ലംഘിച്ച് കടക്കുന്ന എല്ലാ വിദേശികളെയും നാടുകടത്തുമെന്നും ആസാം പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. 

ഇവരെ തിരിച്ചയക്കുന്നതിനെതിരെ അഡ്വ.പ്രശാന്ത് ഭൂഷൻ നൽകിയ പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്.

അതേസമയം, മ്യാൻമാറിൽ റോഹിങ്ക്യ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് കുടിയേറുന്ന അഭയാർഥികളെ തിരിച്ചയക്കാൻ ശ്രമിക്കുന്ന നീക്കത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചിരുന്നു. റോഹിങ്ക്യൻ ജനതയെ തിരിച്ചയക്കുന്ന ഇന്ത്യയുടെ നടപടി ശരിയല്ലെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ് റാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാൻമാറിലേക്ക് കുടിയേറിയ മുസ്ലിം വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാരാണ് റോഹിങ്ക്യൻ ജനത. മ്യാൻമാറിൽ ഇവര്‍ക്ക് പൗര്വതമോ ഭൂവുടമസ്ഥാവകാശമോ സഞ്ചാര സ്വാതന്ത്ര്യമോ ഇല്ല. 2011ല്‍ പ്രസിഡന്‍റ് തെയ്ന്‍ സെയ്ന്‍ കൊണ്ടുവന്ന പരിഷ്‌കാര നടപടികളാണ് റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമത്തിന് തീവ്രത കൂട്ടിയത്. 

click me!