ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്; കുറവിലങ്ങാട് മഠത്തിന് സുരക്ഷ കൂട്ടാനാകില്ലെന്ന് മദർ സുപ്പീരിയർ

By Web TeamFirst Published Nov 23, 2018, 11:40 AM IST
Highlights

ബിഷപ്പിനെതിരെ ബലാത്സംഗക്കേസ് നൽകിയ കന്യാസ്ത്രീയെ വേണമെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് മാറ്റാമെന്നും മദർ സുപ്പീരിയർ.

കുറവിലങ്ങാട്: ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗക്കേസ് നൽകിയ കന്യാസ്ത്രീ താമസിയ്ക്കുന്ന കോട്ടയം കുറവിലങ്ങാട്ടെ മഠത്തിന് സുരക്ഷ കൂട്ടാനാകില്ലെന്ന് മഠത്തിലെ മദർ സുപ്പീരിയർ. വേണമെങ്കിൽ കന്യാസ്ത്രീയെയും കൂടെയുള്ളവരെയും സർക്കാർ സുരക്ഷയൊരുക്കുന്ന മറ്റേതെങ്കിലും ഇടത്തേയ്ക്ക് മാറ്റാമെന്നും മദർ സുപ്പീരിയർ വ്യക്തമാക്കി.

ജലന്ധറിൽ ബിഷപ്പിനെതിരെ സാക്ഷിമൊഴി നൽകിയ ഫാദർ കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സാക്ഷികൾക്കും പരാതി നൽകിയവർക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ആക്ഷൻ കൗൺസിൽ ഹർജി നൽകിയത്. എന്നാൽ നിലവിൽ കുറവിലങ്ങാട് മഠത്തിന് സുരക്ഷയുണ്ടെന്നും ഇതിലും കൂടുതൽ പൊലീസ് സുരക്ഷ ഒരുക്കാനാകില്ലെന്നും മദർ സുപ്പീരിയർ നിലപാടെടുക്കുകയായിരുന്നു. 

നിലപാട് മദർ സുപ്പീരിയർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കന്യാസ്ത്രീയെയും മദർ സുപ്പീരിയറിന്‍റെ നിലപാടറിയിച്ചു. ആവശ്യമെങ്കിൽ കന്യാസ്ത്രീയെ മാറ്റാമെന്ന നിർദേശത്തിലൂടെ കുറവിലങ്ങാട് മഠത്തിൽ നിന്ന് കന്യാസ്ത്രീയെയും കൂടെയുള്ളവരെയും പുറത്താക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. നേരത്തേ മഠത്തിൽ താമസിച്ചുകൊണ്ടു തന്നെ പോരാട്ടം തുടരുമെന്നാണ് കന്യാസ്ത്രീ നിലപാടെടുത്തിരുന്നത്. 

Read More: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷിമൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ 

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്: സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹർജി

click me!