സ്കൂള്‍ നടത്തിപ്പിനായി പിരിച്ച അഞ്ചുകോടി രൂപ ചൂതാട്ടകേന്ദ്രത്തില്‍ ചെലവാക്കി; കന്യാസ്ത്രീകള്‍ പിടിയില്‍

By Web TeamFirst Published Dec 9, 2018, 2:23 PM IST
Highlights

സ്കൂള്‍ നടത്തിപ്പിനായി രക്ഷിതാക്കളില്‍ നിന്നും വാങ്ങിയ അഞ്ചുകോടി രൂപ ചൂതാട്ടകേന്ദ്രങ്ങളില്‍ ഉപയോഗിച്ച കന്യാസ്ത്രീകള്‍ പിടിയില്‍. പത്ത് വര്‍ഷത്തോളമായി സ്കൂളിലെ വിവിധ ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളില്‍ നിന്നാണ് ഈ തുക ഇവര്‍ വാങ്ങിയെടുത്തത്. 

ലോസ്ഏഞ്ചല്‍സ്: സ്കൂള്‍ നടത്തിപ്പിനായി രക്ഷിതാക്കളില്‍ നിന്നും വാങ്ങിയ അഞ്ചുകോടി രൂപ ചൂതാട്ടകേന്ദ്രങ്ങളില്‍ ഉപയോഗിച്ച കന്യാസ്ത്രീകള്‍ പിടിയില്‍. പത്ത് വര്‍ഷത്തോളമായി സ്കൂളിലെ വിവിധ ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളില്‍ നിന്നാണ് ഈ തുക ഇവര്‍ വാങ്ങിയെടുത്തത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ ടൊറന്‍സിലെ സെന്റ്  ജെയിംസ് സ്കൂളിലെ അധ്യാപികമാരും നടത്തിപ്പുകാരുമായ മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍, ലാന ലാങ് എന്നീ കന്യാസത്രീമാരാണ് സ്കൂള്‍ ഫണ്ട് തട്ടിപ്പില്‍ പിടിയിലായത്. 

പത്ത് വര്‍ഷത്തോളമായി സ്കൂള്‍ ഫണ്ടിലേക്ക് വരുന്ന പണം ഇവര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ ഇവര്‍ ചെലവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍  വിരമിച്ചത്. ഇതിന് പിന്നാലെ നടന്ന ഓഡിറ്റിങ്ങിലാണ് കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. 

പലപ്പോഴും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിരുന്ന ചെക്കുകള്‍ ഇവര്‍ നിക്ഷേപിച്ചിരുന്നത് രഹസ്യമായി സൂക്ഷിച്ചിരുന്ന അക്കൗണ്ടിലായിരുന്നു. ഈ അക്കൗണ്ടിനെക്കുറിച്ച് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍, ലാന ലാങ് എന്നിവര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. അപഹരിച്ച തുകയില്‍ ചെറിയൊരു പങ്ക് ഇവര്‍ സ്കൂളിന് തിരികെ നല്‍കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബാക്കിയുള്ള പണം എങ്ങനെ ചെലവിട്ടുവെന്നതിനാണ് ഞെട്ടിപ്പിക്കുന്ന വിശദീകരണം ലഭിച്ചത്. ചൂതാട്ടത്തിന് പ്രസിദ്ധമായ ലാസ് വേഗാസില്‍ അഞ്ചുകോടി രൂപയാണ് ഇവര്‍ ചെലവിട്ടത്. എന്നാല്‍ ക്ഷമാപണം നടത്തിയ കന്യാസ്ത്രീകള്‍ക്ക് നേരെ സഭയില്‍ നിന്ന്  നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് സൂചനകള്‍. 

click me!