
തൃശൂര്‍: ഏപ്രില്‍ 24 മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ലക്ഷക്കണക്കിനാളുകളെത്തുന്ന തൃശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ആശങ്കയുണ്ടാക്കുന്നു. 25, 26 തിയതികളിലാണ് തൃശൂര്‍ പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും. നഴ്‌സുമാരുടെ സമരം മറ്റിടങ്ങളേക്കാള്‍ തൃശൂരില്‍ ശക്തമാകുമെന്നാണ് സൂചന. നഗരത്തിലേതടക്കം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും സമരാനുകൂലികള്‍ ശക്തരാണ്.
മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി നിലപാടുള്ള നഴ്സുമാർ മാത്രമാവും ഇവിടങ്ങളില്‍ സമരനാളുകളില്‍ ഡ്യൂട്ടിയിലുണ്ടാവുക. തൃശൂരില്‍ ഇക്കൂട്ടരും ചരുക്കമാണ്. തൃശൂരില്‍ നഴ്‌സുമാര്‍ക്കുപുറമെ, ആശുപത്രികളിലെ ടെക്‌നിഷ്യന്‍ വിഭാഗങ്ങളിലേതടക്കം ഇതര ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയുന്നത്. മുഴുവന്‍ ആശുപത്രികളിലും നേരത്തെ തന്നെ നിയമാനുസരണമുള്ള പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു.
കളക്ടര്‍, ഡി.എം.ഒ, പൊലീസ് ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫീസര്‍, തൃശൂര്‍ എംഎല്‍എകൂടിയായ മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് യുഎന്‍എ നേതാക്കള്‍ പണിമുടക്ക് വിവരം സൂചിപ്പിച്ചുള്ള കത്തുകള്‍ നല്‍കുകയാണെന്ന് യു.എന്‍.എ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. നഴ്‌സുമാരുടെ പണിമുടക്കുണ്ടാവുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാല്‍ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിക്ക് പുറമെ, ഒമ്പത് കിലോമീറ്റര്‍ ദൂരത്തുള്ള മുളങ്ങുന്നത്തുകാവിലെ ഗവ.മെഡിക്കല്‍ കോളജിലേക്കെത്തേണ്ടിവരും.
അതേസമയം പൂരത്തിന് എല്ലാ ആശുപത്രികളും ജാഗരൂകരാകണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഡി.എം.ഒ നല്‍കിയ നോട്ടീസിന് എല്ലാം സജ്ജമാണെന്ന മറുപടിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയിട്ടുള്ളത്. തൃശൂര്‍ പൂരത്തിനൊപ്പം 19, 20, 21 തിയതികളില്‍ തൃശൂരിലെ മാതാ അമൃതാനന്ദമയിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ആശുപത്രികളിലേക്ക് ഡി.എം.ഒ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam