അമേരിക്കന്‍ പൗരനെ ആദിവാസികള്‍ കൊന്നിട്ട സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി പൊലീസ്

By Web TeamFirst Published Nov 25, 2018, 3:08 PM IST
Highlights

മത്സ്യത്തൊഴിലാളികളുമായി പൊലീസ് സഞ്ചരിച്ച ബോട്ട് ദ്വീപിന് അടുത്ത് എത്തിയപ്പോള്‍ നാലോ അ‍ഞ്ചോ പേരടങ്ങുന്ന ആദിവാസികളുടെ സംഘം തീരത്ത് നിലയുറപ്പിച്ചതായി കണ്ടു. ചോയുടെ കുഴിമാടത്തിന് അവര്‍ കാവലിരിക്കുകയാണെന്ന നിഗമനത്തിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. 

പോര്‍ട്ട് ബ്ലെയര്‍: മതപ്രചാരത്തിനായി എത്തിയ യുഎസ് പൗരനെ ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിലെ ആദിവാസികള്‍ കൊന്ന സംഭവത്തില്‍ കൊലപാതകം നടന്ന സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞതായി സൂചന. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സ്ഥലത്തെക്കുറിച്ച് ഏകദേശസൂചന ലഭിച്ചതെന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജോണിന്‍റെ മൃതദേഹം ആദിവാസികള്‍ വലിച്ചു കൊണ്ടു വരുന്നത് നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം ഏതാണ്ടൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ ഈ മത്സ്യത്തൊഴിലാളികളുമായി പൊലീസ് ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തിയിരുന്നു.  പൊലീസ് സംഘം സഞ്ചരിച്ച ബോട്ട് ദ്വീപിന് അടുത്ത് എത്തിയപ്പോള്‍ നാലോ അ‍ഞ്ചോ പേരടങ്ങുന്ന ആദിവാസികളുടെ സംഘം തീരത്ത് നിലയുറപ്പിച്ചതായി കണ്ടു. ചോയുടെ കുഴിമാടത്തിന് അവര്‍ കാവലിരിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്... ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥകിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മരണം കൈകാര്യം ചെയ്യുന്നതിന് ഏതൊരു സാമൂഹിക വിഭാഗത്തിനും സ്വന്തമായ രീതികളും ആചാരങ്ങളുമുണ്ടാവും. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ ഒരു മൃതദേഹം അതും പുറത്ത് നിന്നും വരുന്ന ഒരാളുടെ മൃതദേഹം  എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍. ഇതിനായി നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടിയിരിക്കുകയാണ് അവര്‍. തങ്ങള്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹം ആദ്യം കുഴിച്ചിടുന്ന നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അതു പുറത്തെടുക്കും എന്നാണ് ചില നരവംശവിദഗ്ദ്ധര്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. ഇങ്ങനെ പുറത്തെടുക്കുന്ന മൃതദേഹം മുളയില്‍ കുത്തി തീരത്ത് പ്രദര്‍ശിപ്പിക്കും. ദ്വീപിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. 

അവര്‍ക്കൊരു ജീവിതസംസ്കാരമുണ്ട്. അവരെ ബുദ്ധിമുട്ടിക്കാതെ അതെന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍.... നടപടികളുമായി സഹകരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. 2006-ല്‍ ബോട്ട് തകര്‍ന്ന് ദ്വീപിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ വധിച്ചിരുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഇവര്‍ തടയുകയും തിരച്ചിലിന് പോയ ഹെലികോപ്ടറിനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നേരെ അന്പെയുകയും ചെയ്തിരുന്നു. അന്ന് അതിസാഹസികമായി ദ്വീപിലിറങ്ങിയ കമാന്‍ഡന്‍റെ പ്രവീണ്‍ ഗൗറിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം തീരത്ത് മത്സ്യത്തൊഴിലാളികളുടെ കുഴിമാടം കണ്ടെത്തുകയും അതിലൊന്ന് കുഴിച്ച് ഒരാളുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നരവംശശാസ്ത്രജ്ഞരെ പോലെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. നോര്‍ത്ത് സെന്‍റിനല്‍  ദ്വീപുകാരുടെ ചരിത്രവും ജീവിതശൈലിയുമെല്ലാം ഇതിനോടകം പഠിച്ചു മനസ്സിലാക്കി.....ദൗത്യ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.  ആന്‍ഡമാനിലെ മറ്റൊരു ദ്വീപില്‍ കഴിയുന്ന ആദിവാസി വിഭാഗമാണ് ജര്‍വ ഗോത്രക്കാര്‍. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാരുമായി വളരെ സാമ്യമുള്ളവരാണ് ജര്‍വകള്‍. 1990-കള്‍ വരെ ഇവരും പുറംലോകത്തുള്ളവരെ ശത്രുക്കളായാണ് കണ്ടത്. പിന്നീട് അവരെ നാം ഇണക്കിയെടുക്കുകയായിരുന്നു. മൃതദേഹം വീണ്ടെടുക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി ജര്‍വ ഗോത്രത്തിന്‍റെ സ്വഭാവസവിശേഷതകളും പഠിച്ചു കൊണ്ടിരിക്കുകയാണ്. അവരില്‍ നിന്നും ഗുണപ്രദമായ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍......  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാരെ ബുദ്ധിമുട്ടിക്കരുതെന്നാണ് കൊലപ്പെട്ട അലന്‍റെ അമേരിക്കയിലുള്ള കുടുംബം ആന്‍ഡമാന്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.  അലനെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളോട് ദയ കാണിക്കണം എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അലന്‍റെ കുടുംബത്തെ കൂടാതെ രാജ്യത്തെ പ്രമുഖ നരവംശശാസത്രജ്ഞര്‍ അടക്കമുള്ളവരും നോര്‍ത്ത് സെന്‍റിനല്‍ ദ്വീപില്‍ ഒരു ഇടപെടല്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇനി എന്തു വേണം എന്നതിനെക്കുറിച്ച് നിയമവിദഗ്ദ്ധരും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. 2006-ല്‍ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനപ്പുറം മറ്റു നടപടികളൊന്നും പൊലീസോ ആന്‍ഡമാന്‍ ഭരണകൂടമോ സ്വീകരിച്ചിട്ടില്ല. 


 

click me!