സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ദളിത് കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു

By Web DeskFirst Published Aug 26, 2017, 7:21 AM IST
Highlights

തൃശൂര്‍ ഒല്ലൂരില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. വൃദ്ധരും കുട്ടികളുമടങ്ങുന്ന കുടുംബത്തെയാണ് വീട്ടില്‍നിന്നും പുറത്താക്കിയത്. പിഞ്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കുടുംബം പെരുവഴിയിലായി.

മൂന്ന് കുഞ്ഞുങ്ങളുമായി ഒല്ലൂര്‍ അവിണിശ്ശേരി അംബേദ്കര്‍ കോളനിയിലെ  റോ‍ഡരുകില്‍ കഴിയുകയായിരുന്ന മഞ്ജുളയും കുടുംബവും ഇപ്പോള്‍ പെരുവഴിയിലാണ്. പുറംപോക്കില്‍ കഴിഞ്ഞ കുടുംബത്തിന് നാല് സെന്‍റ് ഭൂമി നല്‍കി സര്‍ക്കാര്‍ പുനരധിവസിപ്പിച്ച വീടാണ് യൂണിയന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. അച്ഛനും അമ്മയും നേരത്തെ നഷ്‌ടപ്പെട്ട മീര, മഞ്ജുള എന്നീ സ്‌ത്രീകളുടെ പേരിലാണ് ഈ വീട്. മീര വിവാഹത്തിന് ശേഷം ഭര്‍ത്താവുമൊത്ത് വാടക വീട്ടിലാണ് താമസം. വീട് പണി തീര്‍ക്കുന്നതിനായി നാല് കൊല്ലം മുമ്പാണ് ലോണ്‍ എടുത്തത്. മീരയുടെ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കിടെ അടവ് മുടങ്ങി. മഞ്ജുളയുടെ ഭര്‍ത്താവ് തമിഴ്നാട്ടുകാരനാണ്.ഇവരുടെ കുട്ടികളും ഭര്‍ത്താവിന്‍റെ രക്ഷിതാക്കളും മാത്രം വീട്ടില്‍ ഉള്ളപ്പോഴാണ് ജപ്തി നടത്തിയത്. വീട്ടിലെ ഉപകരണങ്ങളെല്ലാം വലിച്ച് പുറത്തിട്ട ഉദ്യോഗസ്ഥര്‍ മഞ്ജുളയുടെ ഭര്‍ത്താവിന്റെ ജോലി സാധനങ്ങളും നശിപ്പിച്ചെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ കളക്ടറെ കണ്ട് പരാതി നല്‍കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.
 

click me!