വസന്തകുമാറിന്‍റെ കുടുംബത്തിനുള്ള സർക്കാർ സഹായങ്ങളിൽ പൂർണ തൃപ്തിയെന്ന് ഉമ്മൻ ചാണ്ടി

By Web TeamFirst Published Feb 20, 2019, 8:19 PM IST
Highlights

വസന്തകുമാറിന്‍റെ വീട്ടിലെത്തി കൂടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
 

വയനാട്: പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിനായി സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളിൽ പൂർണ തൃപ്തിയെന്ന് ഉമ്മൻചാണ്ടി. വസന്തകുമാറിന്‍റെ കുടുംബത്തിനുള്ള സർക്കാർ സഹായങ്ങളിൽ കുറച്ചുകൂടി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വസന്തകുമാറിന്‍റെ വീട്ടിലെത്തി കൂടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

വസന്തകുമാറിന്‍റെ കുടുംബത്തിന്  25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നൽകാനാണ് മന്ത്രി സഭായോ​ഗത്തിന്‍റെ തീരുമാനം.

ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും സംസ്ഥാന സ‌‌ർക്കാർ വഹിക്കും. വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സ‌ർക്കാ‌ർ തീരുമാനിച്ചിട്ടുണ്ട്.

വസന്തകുമാറിന്‍റെ  കുട്ടികളുടെ പഠനകാര്യത്തിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുമെന്നും വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തിലടക്കം സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.

click me!