കുടുംബത്തെ പോറ്റാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്ന് നിതിന്‍ ഗഡ്കരി

By Web TeamFirst Published Feb 3, 2019, 8:41 PM IST
Highlights

നന്നായി കുടുംബത്തെ നോക്കാത്ത ഒരാള്‍ക്ക് ഒരിക്കലും രാജ്യത്തെയും നോക്കാനാവില്ല. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു

നാഗ്പൂര്‍: കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്നും എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരമായി നടത്തി ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്ന ഒരുപാട് പേരെ താന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളോട് അയാള്‍ എന്ത് ചെയ്യുകയാണെന്നും കുടുംബത്തില്‍ ആരെല്ലാമുണ്ടെന്നും താന്‍ ചോദിച്ചു. ലാഭം ലഭിക്കാത്തതിനാല്‍ നടത്തിയിരുന്ന കട അടച്ച് പൂട്ടിയെന്നും വീട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാളുടെ മറുപടി.

അദ്ദേഹത്തോട് കുടുംബത്തെ നന്നായി നോക്കാനാണ് താന്‍ നിര്‍ദേശിച്ചത്. നന്നായി കുടുംബത്തെ നോക്കാത്ത ഒരാള്‍ക്ക് ഒരിക്കലും രാജ്യത്തെയും നോക്കാനാവില്ല. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അത് പാലിക്കാത്ത രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ പൊതു മധ്യത്തില്‍ ശിക്ഷിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ പരമാര്‍ശം. 

നേരത്തെ, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ ഗഡ്കരി നടത്തിയ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് പറഞ്ഞ ഗഡ്കരി അമിത ഷാ- മോദി ദ്വയത്തിനെതിരെ ഒളിയമ്പ് തൊടുക്കുകയായിരുന്നു.

click me!