
ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‍നാട്ടില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. പേരറിവാളിനെയും നളിനിയെയുമുള്‍പ്പെടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണറുടെ മേശപുറത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മോചനകാര്യം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ നിയമവശങ്ങള്‍ പരിശോധിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്.
എന്നാല്‍ പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക നിയമ ചട്ടകൂടുകള്‍ ഒന്നും ഇതുവരെ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദ്ദേശങ്ങളാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകം. ഏഴ് പ്രതികളുടേയും മോചനകാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
പ്രതികളുടെ മോചനകാര്യത്തില്‍ കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം എന്ന് വിവരാവകാശപ്രകാരം പേരറിവാളന്‍റെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സിബിഐയുടെ കണ്ടെത്തലുകള്‍ ദുര്‍ബലമായിരുന്നെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ.ടി തോമസ്സും വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ബന്വാവരിലാല്‍ പുരോഹിതിന്‍റെ തീരുമാനം വൈകുന്നതിന് എതിരെ എംഡിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിന് ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെ അനുനയ സ്വരവുമായി സര്‍ക്കാര്‍ രംഗത്തെത്തി. തീരുമാനം വൈകിയാല്‍ തുടര്‍ നിയമവശങ്ങള്‍ പരിശോധിക്കുമെന്നാണ് ഇ.പിഎസിന്‍റെ വിശ്വസ്ഥനും മന്ത്രിയുമായ കടമ്പൂര്‍ രാജുവിന്‍റെ ഉറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam