
ലക്നൗ: ആവിഷ്കാര സ്വാതന്ത്ര്യം രാജ്യത്ത് ചോദ്യം ചെയ്യപ്പെടുന്നതില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടയില്‍ വിവാദമായി യുപി സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്‌റ്റർ ചെയ്യണമെന്നാണ് യുപിയിലെ ലളിത്പൂര്‍ ജില്ലാ ഭരണകൂടമാണ് ഉത്തരവിട്ടിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യേണ്ടത്. നിര്‍ദ്ദേശം പാലിക്കാത്തവര്‍ ഐടി ആക്ടിന് കീഴില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.
ഗ്രൂപ്പിന്‍റെ അഡ്‌മിന്മാർ ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങൾ വകുപ്പിന് കൈമാറണം. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതു സംബന്ധിച്ച വിവരം കൈമാറണം.
പുതിയ ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിലും വിവരങ്ങൾ വകുപ്പിന് കൈമാറിയിരിക്കണം. കൂടാതെ അഡ്മിന്‍ന്മാരുടെ ആധാറിന്‍റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യരേഖകളും സമര്‍പ്പിക്കുകയും ചെയ്യണമെന്നും ജില്ലാ കളക്ടർ മാനവേന്ദ്രസിംഗും പൊലീസ് സൂപ്രണ്ട് ഒ.പി. സിംഗും ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത നടപടിയെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടയിലാണ് മാധ്യമങ്ങളെ വരുതിയിലാക്കാന്‍ യുപിയില്‍ നീക്കവും നടക്കുന്നത്. ഭരണകൂടത്തിന്‍റെ ഈ തീരുമാനത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയർന്നു കഴിഞ്ഞു.
പൊതുവിവര വകുപ്പ് സംസ്ഥാനത്തിന് പൊതുവായി അങ്ങനെയൊരു നിര്‍ദേശം നല്കിയിട്ടില്ലെന്നും ജില്ലാ അധികാരികള്‍ നൽകിയ നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അവനീഷ് അവസ്തിയുടെ വിശദീകരണം.
വ്യാജ വാര്‍ത്തയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഈ നിര്‍ദേശം അവരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നീക്കമല്ലേ എന്നുമാണ് മാധ്യമസംഘടനകളുടെ ചോദ്യം. അഭിപ്രായം പറയുന്നവരുടെ വായ്മൂടിക്കെട്ടാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam