സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത് ശ്രീധരൻപിള്ള; സെൻകുമാറിനെതിരെ എ കെ ബാലൻ

By Web TeamFirst Published Jan 26, 2019, 3:22 PM IST
Highlights

സെന്‍കുമാര്‍ ചെയ്തത് പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കലാണെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എ കെ ബാലന്‍

തിരുവനന്തപുരം: നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുത്തതില്‍  വിമര്‍ശനം ഉയര്‍ത്തിയ സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത്  പി എസ് ശ്രീധരൻപിള്ളയെന്ന് മന്ത്രി എ കെ ബാലന്‍. സെന്‍കുമാറിന്റെ പരാമര്‍ശം ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. മറിയം റഷീദയോടും,ഗോവിന്ദ ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്ന് എ കെ ബാലന്‍ പറഞ്ഞു. 

സെന്‍കുമാര്‍ ചെയ്തത് പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കലാണെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെങ്കിൽ, ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിക്കണം . ബിജെപിയിൽ പോയതിനു ശേഷമാണ് സെൻകുമാർ ഇങ്ങനെയായതെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. 

എന്ത് ചെയ്തതിന്‍റെ പേരിലാണ്  പത്മ അവാർഡെന്ന് ചോദിച്ച സെൻകുമാർ ഇങ്ങനെ പോയാൽ ഗോവിന്ദചാമിക്കും അടുത്തവർഷം അവാർഡ് കിട്ടുമെന്ന് പരിഹസിച്ചിരുന്നു. എന്ത് സംഭാവനയാണ് ബഹിരാകാശ രംഗത്ത് നമ്പി നാരായണൻ നൽകിയത്? എന്തിനാണ് 1994ൽ ഇയാൾ വിരമിക്കാൻ കത്ത് നൽകിയത്? ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂർത്തിയാക്കും വരെ കാത്തിരിക്കാതെ ധൃതിപിടിച്ച് പുരസ്കാരം നൽകിയത് എന്തിനാണെന്നും സെൻകുമാർ നേരത്തെ ചോദിച്ചിരുന്നു.

click me!