മറ്റു ചലച്ചിത്ര മേളകളിൽ നിന്നും വ്യത്യസ്ഥമാണ് ഐഎഫ്എഫ്കെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവുമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒരു കാര്യം ഉറപ്പിച്ചു പറയുന്നുവെന്നും ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഐഎഫ്എഫ്കെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞങ്ങൾക്ക് ഇഷ്ടമല്ലാത്തത് നിങ്ങൾ കാണേണ്ട എന്നാണ് നിലപാട്. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തവരുമായി നിങ്ങൾ സഹകരിക്കേണ്ട എന്നാണ് പറയുന്നത്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണംകെടുത്തുകയാണ്. എത്രമാത്രം പരിഹാസ്യമായ നടപടികൾ ആണിത്. കേന്ദ്ര നടപടികൾക്കെതിരെ പ്രതിഷേധം ഉയരണം. വർഗീയതയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കാനാവില്ല. അതിൽ സംസ്ഥാന സർക്കാർ ഒപ്പം ഉണ്ടാകുമെന്നും ഒരുമിച്ചു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ചലച്ചിത്രമേള മറ്റ് മേളകളിൽ നിന്ന് വ്യത്യസ്തമാണെന്നും സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപിടിച്ചതാണ് മേളയെന്നും പിണറായി വിജയൻ പറഞ്ഞു. അതിജീവനത്തിനായി പൊരുതുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങൾക്കാണ് ഐഎഫ്എഫ്കെ പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഇത്തവണ മേളയിൽ പതിവില്ലാത്ത പ്രതിസന്ധി ഉണ്ടായി. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അസാധാരണ പ്രതിസന്ധി സൃഷ്ടിച്ചു. മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേൽ കടന്നുകയറ്റം ഉണ്ടായി.
സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് സെൻസർ ഇളവ് നൽകി. എന്നിട്ടും 6 സിനിമകൾക്ക് അനുമതി നൽകിയില്ല. കേന്ദ്രത്തിന്റേത് അങ്ങേയറ്റം അപഹാസ്യമായ നടപടിയാണ്. സ്പാനിഷ് ചിത്രം ബീഫിന് പ്രദർശനാനുമതി നിഷേധിച്ചു. ബീഫ് എന്നതിന് അവർക്ക് ഒരു അർത്ഥമേ ഉള്ളൂ. ബീഫ് എന്ന ഭക്ഷണവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ല. ബീഫ് എന്ന് കേട്ടയുടൻ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി വാളെടുത്തു. എത്ര പരിഹാസ്യമായ കാര്യമാണത്. അവർ ഉദ്ദേശിക്കുന്ന ബീഫ് അല്ലെന്ന് മനസ്സിലായപ്പോഴാണ് പ്രദർശനാനുമതി നൽകിയത്. പലസ്തീൻ സിനിമകൾക്ക് അനുമതി നിഷേധിച്ചതിലൂടെ പലസ്തീൻ വിഷയത്തിൽ കേന്ദ്രനിലപാട് ഒരിക്കൽ കൂടി വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക ക്ലാസിക് സിനിമ ബാറ്റിൽഷിപ്പ് പൊട്ടംകിൻ നിരവധി തവണ നമ്മൾ തന്നെ പ്രദർശിപ്പിച്ചതാണ്. ചലച്ചിത്ര വിദ്യാർത്ഥികൾ ആവർത്തിച്ചു പഠിക്കുന്ന സിനിമയാണിത്. ലോകസിനിമയെ പറ്റിയുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ തീരുമാനമാണ് ഇത്. തൊഴിലാളി വർഗ്ഗത്തിന്റെ ഉയർത്തെഴുന്നേൽപ്പ് കഥ പറയുന്ന സിനിമ വലതുപക്ഷ ആളുകൾക്ക് തെറ്റായി തോന്നിയതിൽ അൽഭുതമില്ല. പലസ്തീൻ ജീവിത കാഴ്ചകളെ കേരളം കാണേണ്ട എന്ന രാഷ്ട്രീയ പ്രേരിത തീരുമാനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര മേള നേരിട്ടത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി സജി ചെറിയാൻ
ചലച്ചിത്ര മേള നേരിട്ടത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. മികച്ച നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. തുടക്കം മുതൽ മേള ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. മേള തകർക്കാൻ ഗൂഢാലോചന നടന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഇത് നേരിടുമെന്ന് നിലപാട് എടുത്തു. എന്നിട്ടും ആറ് പാഠങ്ങൾക്ക് സെൻസർ ഇളവ് നിഷേധിച്ചു. ഒരു ഭീഷണിയുടെ മുന്നിലും മുട്ട് മടക്കില്ല. എല്ലാ പടങ്ങളും പ്രദർശിപ്പിക്കും. അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ് മേള. ഏതറ്റം വരെ പോകേണ്ടി വന്നാലും അവരെ സംരക്ഷിക്കും. കേരളത്തിന്റെ ചരിത്രത്തിൽ മുപ്പതാം മേള തങ്ക ലിപികളിൽ രേഖപ്പെടുത്തും. പ്രതിസന്ധികളെ നേരിടാൻ മുഖ്യമന്ത്രി ധൈര്യം നൽകിയെന്നും മന്ത്രി പറഞ്ഞു.



