
ഇസ്ലാമാബാദ്: അമൃത്സറിലെ പ്രാർത്ഥനാ ഹാളിന് നേർക്ക് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാനുമേൽ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം പണിയാണെന്നും വിശദീകരണം.
ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിംഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നവംബർ 18 ന് രാജസൻസിയിലെ നിരൻകരി ഭവന് നേർക്ക് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ സൈന്യത്തിന് നേർക്ക് പ്രയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ഗ്രനേഡാണ് പ്രാർത്ഥനാലയത്തിന് നേർക്ക് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാഹാളിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam