'ഇന്ത്യക്ക് താത്പര്യം ചര്‍ച്ചയല്ല, മറ്റ് കാര്യങ്ങള്‍'; കൂടിക്കാഴ്ച റദ്ദാക്കിയതില്‍ പാക്കിസ്ഥാന്‍റെ പ്രതികരണം

By Web TeamFirst Published Sep 21, 2018, 8:03 PM IST
Highlights

ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത്

ലഹോര്‍: ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പാക്കിസ്ഥാന്‍. ചര്‍ച്ചയെക്കാള്‍ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ് ചില കാര്യങ്ങള്‍ക്കാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

ദില്ലിയിലെ ഒരു ഗ്രൂപ്പിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കരുതെന്നാണുള്ളതെന്നും ഖുറേഷി പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത്.

അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമ്രാന്‍ ഖാന്‍റെ തനിസ്വരൂപം പുറത്തു വന്നെന്നും ഇന്ത്യ വ്യക്തമാക്കി. ചര്‍ച്ച നടത്താനുള്ള പാക്കിസ്ഥാന്‍റെ ക്ഷണത്തോട് ഇന്ത്യ അനുകൂലമായല്ല പ്രതികരിച്ചത്. അടുത്ത വര്‍ഷം അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണിതെന്നും ഖുറേഷി ആരോപിച്ചു.

ജമ്മു കശ്മീരില്‍ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ തീരുമാനിച്ചത്. കശ്മീരികളായ ഉദ്യോഗസ്ഥര്‍ പൊലീസ് സേനയില്‍ നിന്നും രാജിവച്ചു പുറത്തു വരണമെന്ന് നേരത്തെ തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി രാജിവയ്പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി വധിച്ചത്. കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളായ കശ്മീര്‍ പൊലീസിലെ മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരെ അവരുടെ വീടുകളില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

പിന്നീട് ബുള്ളറ്റുകളേറ്റ് വികൃതമായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അയച്ച കത്ത് പരിഗണിച്ചാണ് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഉള്ള ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടത്താമെന്ന് ഇന്ത്യ സമ്മതിച്ചത്. എന്നാല്‍, ഇതിനിടയില്‍ കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നതോടെയാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഇമ്രാന്‍ഖാന്‍റെ കത്ത് ലഭിച്ചപ്പോള്‍ പാകിസ്താന്‍ മാറി ചിന്തിക്കുകയാണെന്ന് ഞങ്ങള്‍ കരുതി ഇതൊരു പുതിയ തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, ഗൂഢലക്ഷ്യങ്ങളോടെയായിരുന്നു ചര്‍ച്ചകള്‍ക്കായുള്ള ക്ഷണമെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ചര്‍ച്ചകള്‍ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യ വക്താവ് അറിയിച്ചു.

click me!