
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ ഇമ്രാൻ ഖാൻറെ സത്യപ്രതിജ്ഞ അടുത്തമാസം പതിനാലിനെന്ന് സൂചന. ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവുള്ള ഇമ്രാൻ ചെറുകക്ഷികളുമായി ഇന്ന് നടത്തിയ ചർച്ചയിൽ ധാരണയായില്ല. പാകിസ്ഥാൻ മുസ്ലിം ലീഗും, പീപ്പിൾസ് പാർട്ടിയും ഒന്നിച്ചു നില്ക്കാൻ തീരുമാനിച്ചു. പാകിസ്ഥാനിൽ നേരിട്ട് മത്സരം നടന്ന 270 ദേശീയ അസംബ്ളി സീറ്റിൽ 115 ആണ് ഇമ്രാൻ ഖാന്‍റെ പിടിഐക്ക് കിട്ടിയത്.
ഇതിൽ ഇമ്രാൻ ഉൾപ്പടെ മൂന്നു പേർ ഒന്നിലധികം സീറ്റിൽ വിജയിച്ചതിനാൽ യഥാർത്ഥ സംഖ്യ 108 ആയി താഴും. സംവരണ സീറ്റുൾപ്പടെ 342 അംഗ പാർലമെൻറിൽ 142 സീറ്റാവും പിടിഐയുടെ അംഗബലം. മാന്ത്രികസംഖ്യ 172 ആണ്. സ്വതന്ത്രവും ചെറുപാർട്ടികളും ഉൾപ്പടെ തല്‍ക്കാലം 30 പേരുടെ പിന്തുണ ഇപ്പോൾ വേണം.എംക്യുഎം, ജിഡിഎ, ബിഎപി എന്നീ ചെറു പാർട്ടികളുടെ പിന്തുണ തേടാനുള്ള ചർച്ചകൾ വിജയിച്ചില്ല.
പാർലമെന്‍റില്‍ ഒന്നിച്ചു നില്‍ക്കും എന്നാണ് മുസ്ലിം ലീഗും പീപ്പിൾസ് പാർട്ടിയും പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഗസ്ത് പതിനാലിന് സത്യപ്രതിജ്ഞ നടത്തും എന്ന സൂചനയാണ് പിടിഐ നല്കുന്നത്. അനിശ്ചിതത്വം തുടരുന്നതിനാൽ ഇമ്രാനെ ഇതുവരെ നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ അഭിനന്ദിച്ചിട്ടില്ല. ഭീകരത തടയുക എന്നത് മുഖ്യ വിഷയമാക്കിയാൽ ചർച്ച ആലോചിക്കാം എന്ന നിലപാടിലാണ് ഇന്ത്യ. ചർച്ചയാവാം എന്ന ഇമ്രാൻറെ നിർദ്ദേശം സ്വീകരിക്കണമെന്ന് കശ്മീരിലെ പാർട്ടികൾ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam