ത്രിവേണി വെള്ളത്തിനടിയില്‍ തന്നെ; തന്ത്രിയെ വള്ളക്കടവ് വഴി സന്നിധാനത്ത് എത്തിക്കും

By Web TeamFirst Published Aug 14, 2018, 3:42 PM IST
Highlights

പന്പ ത്രിവേണിയിൽ വെള്ളം ഇറങ്ങാത്തതിനാൽ ശബരിമല നിറപുത്തരി ദർശനത്തിന് ഭക്തർക്കുള്ള വിലക്ക് തുടരുന്നു. ഭക്തരെ പന്പയിൽ തടഞ്ഞ് തിരിച്ചയക്കുകയാണ്. അതേസമയം തന്ത്രിയെ വനം വകുപ്പിന്‍റെ സഹായത്തോടെ വള്ളക്കടവ് വഴി സന്നിധാനത്ത് എത്തിക്കും. 

പത്തനംതിട്ട: പന്പ ത്രിവേണിയിൽ വെള്ളം ഇറങ്ങാത്തതിനാൽ ശബരിമല നിറപുത്തരി ദർശനത്തിന് ഭക്തർക്കുള്ള വിലക്ക് തുടരുന്നു. ഭക്തരെ പന്പയിൽ തടഞ്ഞ് തിരിച്ചയക്കുകയാണ്. അതേസമയം തന്ത്രിയെ വനം വകുപ്പിന്‍റെ സഹായത്തോടെ  വള്ളക്കടവ് വഴി സന്നിധാനത്ത് എത്തിക്കും. 

ആനത്തോട്, കൊച്ചുപമ്പാ അണക്കെട്ട് തുറന്നതോടെ വെള്ളം കയറി ത്രിവേണി ഇനിയും സാധാരണ നിലയിലായിട്ടില്ല. വിലക്ക് അറിയാതെ നിരവധി തീ‍ർത്ഥാടകരാണ് പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അക്കരെ പമ്പയിൽ 100 ൽ അധികം പേർ കുടുങ്ങി കിടക്കുന്നുണ്ട്.

അക്കരെ പമ്പയിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ശുദ്ധജല ക്ഷാമവും നേരിടുന്നു. രണ്ട് പ്രധാന പാലങ്ങളും കടകളും, അന്നദാന മണ്ഡപവും പാർക്കിംഗ് ഗ്രൗണ്ടും, ആശുപത്രി കെട്ടിടവും വെള്ളത്തിനടിയിലാണ്. ശൗചാലയങ്ങളെല്ലാം ഉപയോഗ ശൂന്യമായി. 

നിറപുത്തരി ചടങ്ങുകൾക്ക് എത്തിയ തീർത്ഥാടകരിൽ ചിലർ വെള്ളം കുറഞ്ഞാൽ കടത്തിവിടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ തീർത്ഥാകരെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ പമ്പയിൽ വിന്യസിച്ചു. ശബരിഗിരി പദ്ധതി പ്രദേശത്ത് മഴതുടരുന്നതിനാൽ നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല.

click me!