
പത്തനംതിട്ട: ശബരിമലയുടെ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരാഴ്ചയ്ക്കുളളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നിർവ്വാഹക സമിതി ഇന്ന് പ്രത്യേക യോഗം ചേരും. രാഷ്ട്രപതി, മുഖ്യമന്ത്രി, ഗവർണർ എന്നിവർക്ക് പരാതി നൽകുന്നത് ചർച്ച ചെയ്യും.
പ്രായഭേദനമന്യേ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പന്തളം രാജുകുടംബം രംഗത്തെത്തിയിരുന്നു. ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് സുപ്രീംകോടതിയുടെ വിധി. ഹൈന്ദവ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും പന്തളം രാജകുടുംബം പറഞ്ഞു. ശബരിമല സത്രീ പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശനിയാഴ്ച പറഞ്ഞിരുന്നു. നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നുമാണ് കൊട്ടാരം പ്രതിനിധി പറഞ്ഞത്.
അതേസമയം സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിൽ ഈ വർഷം മുതൽ കൂടുതലായി എത്തുന്ന സ്ത്രീ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്ത്രീ പ്രവേശനത്തിന് വേണ്ട സൗകര്യമൊരുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമല സന്ദർശിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam