മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസ്: പീസ് സ്‌കൂള്‍ എംഡിയെ കസ്റ്റഡിയില്‍ വിട്ടു

By Web DeskFirst Published Feb 26, 2018, 6:57 PM IST
Highlights

കൊച്ചി: മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ അറസ്റ്റിലായ പീസ് ഇന്റർനാഷൽ സ്കൂൾ മേധാവി എംഎം അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  പാഠപുസ്തകം തെരഞ്ഞെടുത്തത് താനാണെന്നും എന്നാൽ വിവാദ പാഠഭാഗം ശ്രദ്ധയിൽ പെട്ടില്ലെന്നുമാണ്  അക്ബർ മൊഴി നൽകിയത്.

ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ എംഎം അക്ബറിനെ വൈകീട്ട് നാല്മണിയോടെയാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ വിശദമായ  അന്വേഷണം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയായ അക്ബർ നിരോധിത സംഘടനകളുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. 13 സ്കൂളുകളുള്ള പീസ് എഡ്യുക്കേഷണൽ ഫൗണ്ടേഷന്‍റെ പണമിടപാട് വിവരങ്ങളും ശേഖരിക്കണം.

ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് തേടിയതെങ്കിലും അഞ്ച് ദിവസമാണ് അനുവദിച്ചത്.  ഖുർആൻ അടിസ്ഥാനമാക്കിയുള്ള പാഠങ്ങളാണ് സ്കൂളിൽ പഠിപ്പിച്ചിരുന്നതെന്നാണ് അക്ബറിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പൊലീസിനെ കൂടാതെ കേന്ദ്ര ഏജൻസികളും  അക്ബരിനെ ചോദ്യം ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ളവ വരും ദിവസങ്ങളിൽ വിവരങ്ങൾ തേടിയെത്തും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അക്ബറിനെതിരെ കേസെടുത്തിരിക്കുന്നത്.

മതേതരസ്വഭാവമില്ലാത്ത സിലബസാണ്  പീസ് സ്കൂളിലേതെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തലിനെ തുടർന്ന്  സ്കൂൾ അടച്ചുപൂട്ടിയിരുന്നു. ദീർഘകാലമായി വിദേശത്തായിരുന്ന എംഎം അക്ബറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്.

click me!