
കൊച്ചി: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിവാദമായ 'കിത്താബ്' നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നാടകം കലോത്സവത്തിൽ അവതരിപ്പിക്കുന്നില്ലെന്ന് മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂൾ മാനേജ്മെന്‍റ് തീരുമാനിച്ചതാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഹർജി തള്ളിയത്.
ജില്ലാ കലോത്സവത്തിൽ നാടകം അവതരിപ്പിച്ച ടീമിന്‍റെ ലീഡറായ സിയാന എംഎം എന്ന വിദ്യാർത്ഥിനിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. നാടകത്തിന്‍റെ പ്രമേയത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതോടെയാണ് നാടകം പിൻവലിക്കാൻ സ്കൂൾ മാനേജ്മെന്‍റ് തീരുമാനിച്ചത്. ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന നാടകത്തിനെതിരെ മുസ്ലീം സംഘടനകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നായിരുന്നു ആക്ഷേപം.
നാടകത്തിന്‍റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്‍ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. സംഭവത്തില്‍ എസ്എഫ്ഐ പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലീം പള്ളിയിൽ ബാങ്ക്‍ വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന നാടകം ഇസ്ലാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നായിരുന്നു മത സംഘടനകളുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam