'സെന്‍കുമാര്‍ പഴയ പിടിയിലില്ല, പുതിയ താവളം നോക്കുകയാണ്'; പിണറായി വിജയന്‍ അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു

By Web TeamFirst Published Dec 26, 2018, 10:07 AM IST
Highlights

‘സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ  നില മാറി'

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ആര്‍എസ്എസില്‍ ചേര്‍ന്നതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്എസിന്റെ കൂടെ പോയതെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. നിലവില്‍ ശബരിമല ശബരിമല കര്‍മ്മസമിതി അംഗമാണ് സെന്‍കുമാര്‍. സെന്‍കുമാറിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഡിജിപിയായിരിക്കെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സെന്‍കുമാര്‍ ആര്‍എസ്എസ് ചായ്‍വ് കാണിക്കുകയാണെന്ന തരത്തിലായിരുന്നു പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ ആരോപണം. ടി പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ രംഗത്തെത്തിയത്.

‘സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം’. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. ഇതാണ് വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് സെന്‍കുമാര്‍ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറഞ്ഞത്. ടി പി സെന്‍കുമാര്‍ ആര്‍ എസി എസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞതോടെയാണ് സെന്‍കുമാര്‍ സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ’ എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നതെന്നായിരുന്നു സെന്‍കുമാറിന് എ.എ റഹിം മറുപടി നല്‍കിയത്

.

‘അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വെച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡിജിപിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ് ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണ്.’ചര്‍ച്ചയില്‍ എന്നായിരുന്നുവെന്ന് റഹിം തിരിച്ചടിച്ചു.

click me!