ശബരിമലയിലെ തിരക്ക്; കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്പയിലേക്ക് അയക്കും

By Web TeamFirst Published Dec 26, 2018, 9:06 AM IST
Highlights

തിരക്ക് കുറയ്ക്കാനായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്പയിലേക്ക് അയക്കുന്നു. 

 

പമ്പ: തിരക്ക് കുറയ്ക്കാനായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്പയിലേക്ക് അയക്കുന്നു. വലിയ തിരക്കാണ് പമ്പയില്‍ അനുഭവപ്പെടുന്നത്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്കാണ് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുന്നത്.  പമ്പ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, നിലയ്ക്കലില്‍ പൊതുവെ തിരക്ക് കുറവാണ്.

ശബരിമലയിൽ നാളെയാണ് മണ്ഡലപൂജ. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും.

ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വം സ്വീകരണം നൽകും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടിൽ ദേവസ്വം പ്രതിനിധികൾ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറരയ്ക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതൽ ദീപാരാധന വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദർശനം. ഘോഷയാത്രയുടെ ഭാഗമായി പമ്പാ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകിട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ.

click me!