
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ഒത്തുകളിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാമരുന്നുകളും ഇംപ്ലാന്‍റുകളും വാങ്ങാന്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് രോഗികളെ നിര്‍ദ്ദേശിക്കുന്നതായി കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ വഴി ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ എച്ച്എല്‍എല്ലില്‍ നിന്നോ മാത്രം ഇവ വാങ്ങണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം. എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും അന്വേഷണം നടന്നു. ഇംപ്ലാന്‍റുകളടക്കം വിൽക്കുന്നതിന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എൽ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ രോഗികൾക്ക് ലഭ്യമാക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നില്ല.
പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലാണ് എച്ച് എല്‍ എൽ ഇംപ്ലാന്‍റുകളടക്കം വില്‍ക്കുന്നത്. എന്നാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവരെ അടക്കം ഇംപ്ലാന്‍റുകള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. ഇങ്ങനെ രോഗികളെ അയക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങൾ കൃത്യമായി വിഹിതം നല്‍കാറുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ ഉപകരണങ്ങളും മരുന്നുകളും വാങ്ങാവൂ എന്ന് കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഒക്ടോബറിൽ ഉത്തരവിറക്കിയിരുന്നു. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam