
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. ഉയർന്ന ജനാധിപത്യമൂല്യമുള്ള കേരളത്തിൽ പൊലീസ് അതനുസരിച്ച് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ദാസ്യപ്പണിയും പൊലീസിലെ വീഴ്ചകളും വിവാദമായതോടെയാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ദാസ്യപ്പണി സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നായിരുന്നു വിമർശനം. വർക്കിംഗ് അറേഞ്ച്മെനറ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. അത്യാവശ്യഘട്ടങ്ങളിൽ ഡിജിപിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രമേ വർക്കിംഗ് അറേഞ്ച്മെന്റ് പാടുള്ളൂ.
പതിനൊന്ന് മണിക്ക് ടീ ഷർട്ടിട്ട് ഓഫീസിൽ വരുന്ന എസ്പി ഉണ്ടെന്ന കാര്യം വരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മീഡിയാമാനിയ ഉള്ളവർ പൊലീസിലുണ്ട്. രാഷ്ട്രീയക്കാരെക്കാൾ വാർത്തകൾ ഉണ്ടാക്കാൻ ചില പൊലീസുകാർക്ക് മിടുക്കുണ്ട്. മാധ്യമങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദാസ്യപ്പണിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സ്റ്റേഷനുകളിലെ പ്രശ്നങ്ങൾ തീർക്കുന്നതിൽ എസ്പിമാർക്ക് വീഴ്ച പറ്റി. എസ്പി മാർക്ക് മുകളിലുള്ള പൊലീസ് നേതൃത്വത്തിനും തെറ്റുപറ്റി.
യോഗത്തിനെത്തിയ ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസിനെയും പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെയും മുഖ്യമന്ത്രി മടക്കി. യോഗത്തിൽ എഡിജിപി സുധേഷ്കുമാർ ഉണ്ടായിരുന്നില്ല . ദാസ്യപ്പണി ചെയ്യിച്ചെതിൻറെ പേരിൽ എസ്എപി ഡെപ്യൂട്ടി കമാണ്ടന്റ് പിവി രാജുവിനെതിരായി നടപടി വേണമെന്നുള്ള ഡിജിപിയുടെ രണ്ട് ശുപാർശകളിലും ഇത് വരെ നടപടിയുണ്ടായില്ല. അതിനിടെ എഡിജിപി സുധേഷ്കുമാറിന്റെ മകർ മർദ്ദിച്ച പൊലീസ് ഡ്രൈവർ ഗവാസ്ക്കറും ഭാര്യയും മുഖ്യമന്ത്രിയെ കണ്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam