ശബരിമല ദേവസ്വംബോർഡിന്‍റെ സ്വത്ത്, സംഘർഷം സംഘപരിവാറിന്‍റെ ഗൂഢപദ്ധതി: മുഖ്യമന്ത്രി

By Web TeamFirst Published Oct 23, 2018, 11:36 AM IST
Highlights

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കും. ശബരിമല ദേവസ്വംബോർഡിന്‍റെ സ്വത്താണെന്നും യുവതികൾ പ്രവേശിച്ചാൽ നട അടച്ച് പടിയിറങ്ങുമെന്ന് പറയാൻ തന്ത്രിയ്ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കും. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. ആരാധനയ്ക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ച് താക്കോൽ നൽകി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്ക്കെതിരെ  മുഖ്യമന്ത്രി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോർഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികൾ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്‍റെ നയം.ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതിന് പദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. 

സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിട്ടില്ല. പ്രതിഷേധത്തിന്‍റെ പേരില്‍ പന്തൽകെട്ടി സമരം ചെയ്യാന്‍ തയ്യാറായപ്പോഴും  സര്‍ക്കാര്‍ എതിരുനിന്നില്ല. എന്നാല്‍  ആ സമരം മറ്റൊരു രീതിയിലേക്ക് വഴിമാറി, ഭക്തജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയുണ്ടായപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായി.

കേരളത്തിന്‍റെ ചരിത്രതില്‍ ഇതുവരെയില്ലാത്ത ഒരു പുതിയ രീതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് പരസ്യമായി നിലപാടെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ ആക്രമണമുണ്ടായി. വലിയ തോതില്‍ മാനസിക പീഡനവും വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. 

ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് അവിടെ വച്ചും, അതേസമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടക്കുകയുണ്ടായി. ഇതൊക്കെ സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ആക്രമണം നടത്താനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നതായാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 


ശബരിമലയിൽ കാര്യപ്രാപ്തിയുള്ള, ദീർഘകാലത്തെ പരിചയമുള്ള പൊലീസ് ഓഫീസർമാരെപ്പോലും ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കുന്ന സ്ഥിതിയുണ്ടായി. പൊലീസിൽ വർഗീയമായി ചേരിതിരിവുണ്ടാക്കാൻ പോലും ശ്രമമുണ്ടായി. പൊലീസിലെ ഉന്നതമായ അച്ചടക്കം ലംഘിച്ച് കലാപമുണ്ടാക്കാൻ ശ്രമം നടന്നെന്നും പിണറായി ആരോപിച്ചു. 

ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങൾ കാത്തുസൂക്ഷിയ്ക്കാൻ അവകാശമുണ്ട്. അതിനെ ഹീനമായി ചിത്രീകരിയ്ക്കുന്നത്, വിശ്വാസികളെ അപമാനിയ്ക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എല്ലാ ജാതിയിലും മതത്തിലുമുള്ളവർ അവരുടെ പ്രാർഥനയിലേർപ്പെടുമ്പോൾ, അവർക്ക് സംരക്ഷണമൊരുക്കാൻ പൊലീസ് തയ്യാറാകുന്നത് ജാതിയും മതവും നോക്കിയല്ല. പൊലീസിനെ വർഗീയവൽക്കരിയ്ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം, ഒറ്റപ്പെടുത്തണം.

ക്രമസമാധാനനില കൈകാര്യം ചെയ്യാൻ പലയിടങ്ങളും പൊലീസിന് എത്തേണ്ടി വരും. ജാതിയും മതവും നോക്കി പൊലീസിനെ നിയോഗിക്കുന്നത് സാധ്യമായ കാര്യമല്ല. നമ്മുടെ നാടിന് അങ്ങനെ ചെയ്യാനാകില്ല. നമ്മുടെ നാട് ഉജ്ജ്വലമായ മതനിരപേക്ഷപാരമ്പര്യം നേടിയവരുള്ള നാടാണ്.ഇത്തരം പ്രചാരണങ്ങളെ അതിശക്തമായി സമൂഹം തുറന്നുകാണിയ്ക്കുകയും എതിർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

click me!