പി കെ കുഞ്ഞനന്തൻ ഹൈക്കോടതിയിലേക്ക്: ഹൃദ്രോഗമുണ്ട്, ജീവപര്യന്തം ശിക്ഷ ഒഴിവാക്കിത്തരണം

By Web TeamFirst Published Jan 26, 2019, 5:31 PM IST
Highlights

നേരത്തെ കുഞ്ഞനന്തന് സ്ഥിരം പരോൾ കൊടുക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അസുഖമുള്ളയാളെ ആശുപത്രിയിലേക്കയക്കുകയാണ് വേണ്ടത്, പരോൾ കൊടുക്കുകയല്ല എന്നായിരുന്നു കോടതി പരാമർശം.

കൊച്ചി: ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ ഹൈക്കോടതിയിലേക്ക്. ആരോഗ്യകാരണങ്ങളാൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കുഞ്ഞനന്തന്‍റെ ആവശ്യം. കുഞ്ഞനന്തൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിങ്കളാഴ്ച കോടതി ഹർജി പരിഗണിക്കും.

തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിൽ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ പറയുന്നു. ജയിലിൽ തുടർന്നാൽ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ പറയുന്നു. 

എന്നാൽ കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കണ്ണൂർ പാനൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന കണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. ജയിൽവാസക്കാലത്ത് കുഞ്ഞനന്തൻ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്. 

ഇതിനെതിരെയാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവെ കുഞ്ഞനന്തന് സ്ഥിരം പരോൾ കൊടുക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. അസുഖമുള്ളയാളെ ആശുപത്രിയിലേക്കയക്കുകയാണ് വേണ്ടത്, പരോൾ കൊടുക്കുകയല്ല എന്നായിരുന്നു കോടതി പരാമർശം.

click me!