കോള്‍ മുറിയലില്‍ വലഞ്ഞ് മോദിയും

By Web TeamFirst Published Sep 27, 2018, 12:44 PM IST
Highlights

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തലവേദനയാകുന്ന കോള്‍മുറിയല്‍ (കോള്‍ ഡ്രോപ്) പ്രശ്നം മൂലം വലഞ്ഞ് പ്രധാനമന്ത്രിയും. തുടര്‍ന്ന് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ടെലിക്കോം മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കി. 

ദില്ലി: മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തലവേദനയാകുന്ന കോള്‍മുറിയല്‍ (കോള്‍ ഡ്രോപ്) പ്രശ്നം മൂലം വലഞ്ഞ് പ്രധാനമന്ത്രിയും. തുടര്‍ന്ന് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ടെലിക്കോം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.  ദില്ലി വിമാനത്താവളത്തില്‍ നിന്നും ഒദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ സംസാരം മുറിയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെലിക്കോം മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ മാസാവനലോകത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് മോദി നിര്‍ദ്ദേശം നല്‍കി. കോള്‍ ഡ്രോപ്പ് പ്രശ്നം പരിഹരിക്കാത്ത സേവനദാതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചതായി സൂചനകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തണമെന്നും പ്രശ്നം അടിയന്തിരമായ പരിഹരിക്കണമെന്നും അതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ 60 ശതമാനം മൊബീല്‍ ഫോണ്‍ ഉപയോക്താക്കളും കോള്‍ മുറിയല്‍ പ്രശ്‌നം നേരിടുന്നതായി 2017ല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ രാജ്യവ്യാപക സര്‍വ്വെയില്‍ വ്യക്തമായിരുന്നു. 

click me!