എസ്എഫ്ഐക്കാർ ആക്രമിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു; നടപടി മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്

By Web TeamFirst Published Feb 2, 2019, 9:11 PM IST
Highlights

മുഖ്യമന്ത്രിയ്ക്കും സർക്കാരിനും എതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി. എസ്എഫ്ഐ പ്രവർത്തകർ നടുറോഡിലിട്ട് മർദ്ദിച്ച രണ്ട് പൊലീസുകാരിൽ ഒരാളാണ് നടപടിക്ക് വിധേയനായ ശരത്ത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ശരത്തിനെ സസ്പെൻഡ് ചെയ്തു . മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ശരത്ത് പറയുന്നത്. എസ്എഫ്ഐ പ്രവർത്തകർ നടു റോഡിലിട്ട് മർദ്ദിച്ച രണ്ട് പൊലീസുകാരിൽ ഒരാളാണ് നടപടിക്ക് വിധേയനായ ശരത്ത്.

പാളയത്ത് സിഗ്നൽ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെ എസ്എഫ്ഐ പ്രവ‍ർത്തകർ മർദ്ദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു അന്നത്തെ മർദ്ദനം.

എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മർദ്ദനമേറ്റ പൊലീസുകാരൻ ശരത്തിനെ സസ്പെൻഡ് ചെയ്തത്. ശരത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീമിനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടുവെന്ന പരാതിയിലാണ് സസ്പെൻഷനെന്നാണ് എസ്എപി കമാണ്ടിന്‍റെ ഓഫീസ് അറിയിച്ചത്. എന്നാൽ ആരുടെ പരാതിയെന്നും എന്താണ് പരാമർ‍ശമെന്നും എസ്എപി വൃത്തങ്ങള്‍ വ്യക്തമാക്കിയില്ല.

സ്വദേശമായ കടയ്ക്കലുള്ള ഒരു വാട്‍സ് ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം തന്‍റെ പേരിലാക്കി വ്യാജ പരാതിയുണ്ടാക്കിയെന്നാണ് ശരത്തിന്‍റെ പ്രതികരണം. അതേ സമയം ഒരു വർഷമുള്ള  പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്പെൻഷനെന്നും സൂചനയുണ്ട്. ശരത്തിന്‍റെ രാഷ്ട്രീമാണ് എസ്എഫ്ഐക്കാരെ കള്ളക്കേസിൽ കുരുക്കാനിടയാക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വവും ആരോപിച്ചിരുന്നു,

click me!