പ്രിയങ്കയുടെ വരവ് പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 25, 2019, 6:47 PM IST
Highlights

പ്രിയങ്കയുടെ നിയമനം പത്ത് ദിവസം കൊണ്ട് കൈക്കൊണ്ട തീരുമാനമെന്ന് പ്രചരണം ശരിയല്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത് . വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താൻ ആവശ്യപ്പെടുകയാണ്. 

ഭുവനേശ്വർ: പ്രിയങ്ക ഗാന്ധിയെ  പാര്‍ട്ടി ഭാരവാഹിയാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രീയ പ്രവേശനത്തിന്  പ്രിയങ്കയെ താൻ വര്‍ഷങ്ങളായി  നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം ഒഡിഷയില്‍ സംവാദത്തിനിടെ വ്യക്തമാക്കി. അതേ സമയം പ്രിയങ്കയുടെ നിയമനം രാഹുലിന്‍റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ പ്രതികരണം കോണ്‍ഗ്രസ് രാഷ്ട്രീയ വിവാദമാക്കുന്നുണ്ട്. 

പ്രിയങ്കയുടെ നിയമനം പത്ത് ദിവസം കൊണ്ട് കൈക്കൊണ്ട തീരുമാനമെന്ന് പ്രചരണം ശരിയല്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത് . വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താൻ ആവശ്യപ്പെടുകയാണ്. എന്നാൽ കുട്ടികള്‍ ചെറുപ്പമായതിനാൽ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാൽ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നും രാഹുൽ വിശദീകരിച്ചു. 

അതേസമയം പ്രിയങ്ക വളരെ  സുന്ദരിയാണെങ്കിലും  അതു കൊണ്ട് കോണ്‍ഗ്രസിന് വോട്ട് കിട്ടില്ലെന്നുമുള്ള ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രതികരണം വിവാദമായി . സ്ത്രീ വിരുദ്ധമെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും മാപ്പു പറയില്ലെന്നാണ് ഝായുടെ നിലപാട് . എന്നാൽ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞു. പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രിയങ്ക വന്നതു കൊണ്ട് യു.പിയിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജ്യം പൂജ്യവും കൂട്ടിയാൽ ഫലം പൂജ്യമാണെന്ന് പരിഹസിച്ചു

click me!