പട്ടിണി മരണത്തേക്കാള്‍ ഭേദം ആത്മഹത്യ; ജീവനൊടുക്കാന്‍ അനുമതി തേടി ചീഫ് ജസ്റ്റിസിന് പൂജാരിയുടെ കത്ത്

By Web TeamFirst Published Nov 1, 2018, 12:38 PM IST
Highlights

തന്‍റെ നിസ്സാഹായാവസ്ഥയില്‍ ഒഡീഷാ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിഞ്ഞു. പട്ടിണി മരണം സംഭവിക്കും മുമ്പ് സ്വയം ജീവനൊടുക്കുന്നതാണ് നല്ലതെന്നും കത്തില്‍ നരസിംഹ വ്യക്തമാക്കുന്നു. 

ഭുവനേശ്വര്‍: സ്വംയം ജീവനൊടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീകോടതി ചീഫ് ജസ്റ്റിസിന്  പൂജാരിയുടെ കത്ത്. ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി നരസിംഹ പൂജാപാണ്ഡെയാണ് പ്രാരാബ്ദം കാരണം ജീവന്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ ദക്ഷിണയോ സംഭാവനയോ സ്വീകരിക്കരുതെന്ന് 2018 ജൂലൈയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.  ഇതേ തുടര്‍ന്ന് വരുമാനം നിലച്ച താനും കുടുംബവും പട്ടിണിയാണെന്നാണ് നരസിംഹ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. 

ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ക്ഷേത്രപ്രവേശനത്തിന് മുന്‍ഗണന ലഭിക്കാന്‍ പൂജാരിമാര്‍ക്ക് ദക്ഷിണയോ സമ്മാനങ്ങളോ നല്‍കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തെക്കുറിച്ചും ചുമതലകളെ കുറിച്ചും പുറപ്പെടുവിച്ച വിധിയോടെ ഇത് നിര്‍ത്തലാക്കി. ഇതേ തുടര്‍ന്ന് ക്ഷേത്ര പൂജാരിമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. സന്ദര്‍ശകരില്‍നിന്നുള്ള സമ്മാനങ്ങളും ദക്ഷിണയും നിര്‍ത്തലാക്കിയതോടെ പട്ടിണിയിലായെന്നാണ് ജീവനക്കാര്‍ പറയുന്നത്.  

'ആയിരക്കണക്കിന് വര്‍ഷമായി തുടരുന്ന രീതിയാണ് ഇത്. ഞങ്ങളുടെ ഏക വരുമാന സ്രോതസ്സ് ആണ് കോടതിയും സര്‍ക്കാരും ചേര്‍ന്ന് ഇല്ലാതാക്കുന്നത്. വരുമാനമില്ലാതെ ഞങ്ങള്‍ എങ്ങനെ ജീവിക്കും'' - നരസിംഹ ചോദിക്കുന്നു. തന്‍റെ നിസ്സാഹായാവസ്ഥയില്‍ ഒഡീഷാ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിഞ്ഞു. പട്ടിണി മരണം സംഭവിക്കും മുമ്പ് സ്വയം ജീവനൊടുക്കുന്നതാണ് നല്ലതെന്നും കത്തില്‍ നരസിംഹ വ്യക്തമാക്കുന്നു. നേരത്തേയും ആത്മഹത്യാ ഭീഷണി മുഴക്കി നരസിംഹ ശ്രദ്ധപിടിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പുരാവസ്തു വകുപ്പിന് മുന്നിലാണ് നരസിംഹ ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ക്ഷേത്രത്തിലെ നിലവറ പരിശോധിക്കാന്‍ പുരാവസ്തു വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

click me!