
ദില്ലി: രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ തയ്യാറെടുക്കുയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിന്റെ തിരക്കിലാണെങ്കിലും തന്റെ സാമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് പ്രിയങ്ക.
ഫെബ്രുവരി നാലിനാണ് കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് താനൊരു സാമൂഹ്യപ്രവർത്തകയായിരുന്നുവെന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുക്കുകയാണ് പ്രിയങ്ക.
ഭിന്നശേഷിക്കാരനായ ആശിഷ് യാദവിനെ കഴിഞ്ഞ നാല് വർഷമായി ചികിത്സിക്കുന്നതും പരിചരിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്. ദില്ലി ഔറഗസേബ് റോഡിലെ ചേരി പ്രദേശത്താണ് ആശിഷ് യാദവും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച പ്രിയങ്ക ആശിഷിനേയും കുംടുംബത്തേയും കാണാൻ ഔറസേബ് റോഡിലെ വീട്ടിലെത്തിയിരുന്നു. തന്റെ മകന്റെ ചികിത്സയ്ക്കും മറ്റുമായി അകമഴിഞ്ഞ് സഹായിക്കുന്ന പ്രിയങ്കയെക്കുറിച്ച് പറയാൻ ആശിഷിന്റെ മാതാപിതാക്കൾക്ക് നൂറ് നാവാണ്.
എല്ലാ രണ്ട് മാസം കൂടുമ്പോഴും പ്രിയങ്ക ആശിഷിനെ കാണാൻ വരാറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു. വീട്ടിലേക്ക് വരുകയും കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയും ആശിഷിന്റെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യുകയും ചെയ്താണ് തിരിച്ച് പോകാറുള്ളത്. മറ്റൊരു നേതാവും ഞങ്ങളുടെ വീട്ടിൽ ഇതുവരെ വന്നിട്ടില്ല. എന്നാൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും സ്വന്തം കുടുംബത്തെ പോലെയാണ് തങ്ങളെ പരിചരിക്കുന്നതെന്നും സുഭാഷ് യാദവ് കൂട്ടിച്ചേർത്തു.
ദില്ലിയിൽ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കൽ വിദ്യാർഥിനി നിർഭയയുടെ കുടുംബത്തിന് കൈത്താങ്ങായി എത്തിയത് കോൺഗ്രസ് പാർട്ടി അധ്യക്ഷ്ഷൻ രാഹുൽ ഗാന്ധിയായിരുന്നു. നിർഭയയുടെ സഹോദരന്റെ സ്വപ്നങ്ങൾക്ക് ചിറകേകിയത് രാഹുൽ ഗാന്ധിയാണ്. ഒരു പൈലറ്റ് ആകണമെന്നായിരുന്നു നിർഭയയുടെ സഹോദരന്റെ ആഗ്രഹം.
ഫെബ്രുവരി 4നാണ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരും ഉൾപ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടത്തെ ഹിന്ദുത്വ, സവർണ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മേഖലയിൽ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗ്രാമീണമേഖലയിൽ നിന്ന് വോട്ടുപിടിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. കഴിഞ്ഞ മാസം 23നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ കോൺഗ്രസ് നിയമിച്ചത്. 47 വയസ്സുകാരിയായ പ്രിയങ്ക ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam